Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര ടെറ്റ്...

മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് പേർ അറസ്റ്റിൽ; നാല് ചോദ്യസെറ്റുകൾ കണ്ടെത്തി, വൻ ശൃംഖലയെന്ന് സംശയം

text_fields
bookmark_border
Maharashtra TET paper leak
cancel

മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ചോദ്യപേപ്പർ ചോർച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് പരീക്ഷയുടെ നാല് വ്യത്യസ്ത ചോദ്യസെറ്റുകളും നിരവധി ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തതായി അന്വേഷണസംഘം അറിയിച്ചു. സംഭവത്തിന് പിന്നിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന വലിയ ചോദ്യപേപ്പർ ചോർച്ച ശൃംഖലയുണ്ടോയെന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.

താനെ ജില്ലയിലെ ഭീവണ്ടിയിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, അച്ചടിച്ച ചോദ്യപേപ്പർ പകർപ്പുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ചോദ്യസെറ്റുകൾ ഔദ്യോഗിക പരീക്ഷാ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

45, 28, 30 വയസ്സ് പ്രായമുള്ളവരാണ് പ്രതികൾ. മൂവരും ഡൽഹിയിൽ നിന്നാണ് വന്നതെന്നും ഒരാൾ ഹരിയാന സ്വദേശിയും മറ്റു രണ്ടുപേർ ബിഹാർ സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണ ഉ​ദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പറുകൾ ഡൽഹിയിൽനിന്ന് കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചോദ്യപേപ്പറുകൾക്ക് പകരമായി 1.5 കോടി രൂപ വരെ ആവശ്യപ്പെട്ടതായും അഡീഷനൽ പൊലീസ് കമീഷണർ അശോക് ദുബെ പറഞ്ഞു. കേസിലെ പ്രധാന​ പ്രതികളിലൊരാൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂൺ 28ന് നടത്താനിരുന്ന മഹാരാഷ്ട്ര ടെറ്റ് പരീക്ഷ സംസ്ഥാന സർക്കാർ മാറ്റിവെച്ചിരുന്നു. ഏകദേശം 4.28 ലക്ഷം ഉദ്യോഗാർഥികളെയാണ് പരീക്ഷ മാറ്റിവെച്ചത് ബാധിച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ (എം.എസ്.സി.ഇ) അറിയിച്ചു.

പ്രതികൾക്ക് ചോദ്യപേപ്പർ എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. അന്വേഷണം വേഗത്തിലാക്കാൻ രണ്ട് അസിസ്റ്റന്റ് പൊലീസ് കമീഷണർമാരും ഒമ്പത് പൊലീസ് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.

അതേസമയം, ​ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗ​ത്തെത്തി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ മുഴുവൻ ശൃംഖലയെയും കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtraexam postponedexamspaper leakteachers eligibility testTET
News Summary - Maharashtra TET paper leak 3 arrested with 4 question sets probe into larger gang
Next Story