അടുക്കളയിൽ പാറ്റയും ഈച്ചയും; നാഷനൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് റദ്ദാക്കി
text_fieldsനാഷനൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ കായിക-വിനോദകേന്ദ്രമായ നാഷനൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ (എൻ.എസ്.സി.ഐ) ഭക്ഷ്യസുരക്ഷാ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ( എഫ്.ഡി.എ) സസ്പെൻഡ് ചെയ്തു. അടുക്കളയിലെ വൃത്തിഹീനമായ സാഹചര്യത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ വാഷ്‌ബേസിൻ ഭാഗത്ത് പാറ്റകളെയും ഈച്ചകളെയും കണ്ടെത്തുകയായിരുന്നു. വോർളിയിലെ ക്ലബിൽ നടത്തിയ പരിശോധനക്ക് പിന്നാലെ നവംബർ 23 മുതൽ നടപടി പ്രാബല്യത്തിൽ വന്നു.
ക്ലബിന്റെ പ്രധാന അടുക്കളയിലും സ്റ്റോർമുറിയിലും ഭക്ഷ്യമാലിന്യം കെട്ടികിടന്നിരുന്നതായി എഫ്.ഡി.എ കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തിന് സമീപം മൂടിയില്ലാത്ത ചവറ്റുകുട്ടകളും കണ്ടെത്തി. ഭക്ഷ്യവസ്തുക്കളും അസംസ്കൃത വസ്തുക്കളും ആവശ്യമായ താപനിലയിലും വൃത്തിയുള്ള സാഹചര്യത്തിലുമല്ല സൂക്ഷിച്ചിരുന്നത്. ശീതീകരണ സംവിധാനത്തിലും ക്രമീകരണക്കുറവുണ്ടായിരുന്നു. സ്റ്റോർ മുറിയിലെ പാത്രങ്ങളിൽ ലേബലുകൾ ഉണ്ടായിരുന്നില്ല. ചുമരുകളിൽനിന്നും മേൽക്കൂരയിൽനിന്നും പാളികൾ അടർന്നുവീഴുന്ന നിലയിലായിരുന്നുവെന്നും തറയും എക്സ്ഹോസ്റ്റ് ഫാനും പൊടിയും അഴുക്കും നിറഞ്ഞതായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ വാക്സിനേഷൻ നൽകിയിരുന്നില്ലെന്നും ചിലർ കൈയുറകൾ ധരിക്കാതെയാണ് ജോലി ചെയ്തിരുന്നതെന്നും എഫ്.ഡി.എ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഫലപ്രദമായ സംവിധാനമില്ലെന്നും കണ്ടെത്തി.
ഇതിനിടെ മുംബൈ സർവകലാശാലയുടെ ഫോർട്ട് കാമ്പസിലെ കാന്റീൻ നടത്തിപ്പുകാരന് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ ക്രമരഹിതമായി സൂക്ഷിച്ചതും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തിന് സമീപം മാലിന്യം നിറഞ്ഞ തുറന്ന ചവറ്റുകുട്ടകൾ വെച്ചതുമാണ് നടപടിക്ക് കാരണം. മുംബൈയിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നവംബർ 22, 23 തീയതികളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ആറു സ്ഥാപനങ്ങളുടെ ലൈസൻസുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും സസ്പെൻഡ് ചെയ്തതായി എഫ്.ഡി.എ അറിയിച്ചു. പൂനെ ഡിവിഷനിൽ ശുചിത്വവീഴ്ചകളെ തുടർന്ന് 21 ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസുകളും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

