ഗൗരി ലങ്കേഷ് വധം പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തും
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പിടിയിലായ പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും (യു.എ.പി.എ) സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കർണാടക (കെ.സി.ഒ.സി.എ) നിയമവും ചുമത്തും.
ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ അഞ്ചുപേരും ചെയ്ത കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ നിയമം ചേർക്കണമെന്ന് തീരുമാനിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യക്തമാക്കുന്നത്. തീവ്രവാദ, നക്സൽ പ്രവർത്തനങ്ങൾക്കെതിരെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ചുമത്തുന്ന നിയമമായ യു.എ.പി.എ ഗൗരി ലങ്കേഷ് വധത്തിലും ബാധകമാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ഇന്ത്യയുടെ പരമാധികാരവും ഐക്യവും തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കുറ്റകൃത്യമാണ് ഗൗരി ലങ്കേഷ് വധമെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. സർക്കാർ ഭീകരപ്രവർത്തനങ്ങളെയും സംഘടിത കുറ്റകൃത്യങ്ങളെയും നിയന്ത്രിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയതാണ് കെ.സി.ഒ.സി നിയമം.
പ്രമുഖ പുരോഗനവാദികളായവരെ കൊലപ്പെടുത്താൻ തീവ്രഹിന്ദുത്വ നിലപാടുള്ള പ്രതികൾ ഗൂഢാലോചന നടത്തിയതിനുള്ള തെളിവും ഇതിനകം ലഭിച്ചിട്ടുണ്ട്. പുണെ സ്വദേശിയായ അമോൽ കാലെയുടെ താമസസ്ഥലത്തുനിന്നും പുരോഗന പ്രവർത്തകരുടെ പേരുകളും വിവരങ്ങളും എഴുതിവെച്ച ഡയറി കണ്ടെടുത്തിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ശക്തമായ നിയമങ്ങൾകൂടി പ്രതികൾക്കെതിരെ ചുമത്തുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ അനുവദിക്കരുതെന്ന് കോടതിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിെൻറ പ്രാധാന്യം കണക്കിലെടുത്ത് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിന് പുറമെ പ്രതിയായ കെ.ടി. നവീൻ കുമാറിെൻറ മൊഴി പ്രത്യേകം സീൽചെയ്ത കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. പരപ്പന അഗ്രഹാര സെൻട്രൽ ജയലിലുള്ള നവീൻ, കേസിലെ സാക്ഷിയായ സുഹൃത്ത് ഗിരീഷിനെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
പൊലീസിനും മജിസ്ട്രേറ്റിനും മുന്നിൽ തനിക്ക് അനുകൂലമായ മൊഴി നൽകണമെന്നാണ് നവീൻ ഭീഷണിപ്പെടുത്തിയത്. മദ്ദൂരിലെ ഹിന്ദു യുവസേന പ്രവർത്തകനായ നവീൻ കുമാർ, മംഗളൂരു സ്വദേശിയായ സുജിത്ത് കുമാർ എന്ന പ്രവീൺ, മഹാരാഷ്ട്ര സ്വദേശികളായ അമോൽകലെ, അമിത് ദേഗ് വേക്കർ, മനോഹർ യാദവ് എന്നിവരാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായത്.
അതേസമയം, പ്രതിയായ മംഗളൂരു സ്വദേശിയായ പ്രവീണിെൻറ താമസസ്ഥലത്തുനിന്നും 35 ലേഖനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. ഇതുകൂടാതെ കറുത്ത ബാഗ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, മൊബൈൽ ഫോണുകൾ എന്നിവയും മറ്റു രണ്ടു ബാഗുകളും കണ്ടെടുത്തിട്ടുണ്ട്. ബാഗിൽ എന്താണെന്ന കാര്യം ഇതുവരെ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
