മഹാരാഷ്ട്രയിലും ഏക സിവിൽ കോഡ്: കരട് നിയമത്തിനായി സമിതിയെ നിയോഗിച്ചു
text_fieldsമുംബൈ: ഏക സിവിൽ കോഡ് കരട് നിയമം തയാറാക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ നിയോഗിച്ച് മഹാരാഷ്ട്ര. മുൻ ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ.സി. ചവാൻ, ജസ്റ്റിസ് എസ്.ജി. മെഹറേ, മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി ഡി.കെ. ജെയിൻ, മഹാരാഷ്ട്ര മുൻ അഡ്വക്കറ്റ് ജനറൽ ബിരേന്ദ്ര സറഫ്, ആക്ടിവിസ്റ്റ് രമേശ് പദൻഗെ, വിദ്യാഭ്യാസ വിദഗ്ധ സുവർണ റാവൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
വ്യാഴാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിലാണ് സമിതിയെ പ്രഖ്യാപിച്ചത്. ആറ് മാസത്തിനകം കരട് ബില്ലും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമിതി സമർപ്പിക്കുമെന്നും നാഗ്പുരിൽ നടക്കുന്ന അടുത്ത ശീതകാല നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്നും ഫഡ്നാവിസ് അറിയിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിലും നിയമത്തിന്റെ കരട് തയാറാക്കിയത് മഹാരാഷ്ട്രക്കാരിയായ ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ്. വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ മത-സമുദായങ്ങളുടെ വ്യക്തി നിയമം ഏക സിവിൽ കോഡ് നടപ്പാക്കുന്നതോടെ ഇല്ലാതാകും. അതേസമയം, കരട് തയാറാക്കുന്ന സമിതിയിൽ മുസ്ലിംകൾ ഉൾപ്പെടെ മറ്റ് സമുദായങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് സമാജ് വാദി പാർട്ടി എം.എൽ.എ റഈസ് ശൈഖ് രംഗത്തെത്തി. മുസ്ലിംകളെ ലക്ഷ്യമിട്ടാണ് നിയമമെന്നും മുസ്ലിംകൾ ഇതിനെ ആശങ്കയോടെയും മുൻവിധിയോടെയുമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

