മഹാരാഷ്ട്ര ഭരണമുന്നണിയിൽ ശിവസേന -എൻ.സി.പി ചേരിപ്പോര്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുത്തിയിൽ ചേരിപ്പോര് രൂക്ഷം. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പിയും തമ്മിലെ ചേരിപ്പോര് ചൊവ്വാഴ്ച മറനീക്കി പുറത്തുവന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി കൂടിയായ അജിത് പവാർ വിളിച്ച റായിഗഡ് ജില്ല ആസൂത്രണയോഗം ഷിൻഡെ പക്ഷ എം.എൽ.എമാർ ബഹിഷ്കരിച്ചു.
ജില്ലയുടെ രക്ഷാകർതൃ മന്ത്രിസ്ഥാനത്തിന് ഷിൻഡെ പക്ഷ മന്ത്രി ഭരത് ഗോഗോവാലയും അജിത് പക്ഷ മന്ത്രി അദിതി തത്കരയും പിടിവലികൂടുന്ന സാഹചര്യത്തിലാണ് ബഹിഷ്കരണം. എന്നാൽ, അജിത് വിളിച്ച ഓൺലൈൻ യോഗത്തിൽ അദിതി പങ്കെടുക്കുകയും ചെയ്തു. യോഗത്തിന് ക്ഷണിച്ചില്ലെന്നാണ് ഷിൻഡെ പക്ഷ എം.എൽ.എമാർ പറയുന്നത്. തന്നെ ക്ഷണിച്ചെങ്കിലും മറ്റൊരു പരിപാടിയുള്ളതിനാൽ പങ്കെടുത്തില്ലെന്നാണ് ഭരത് ഗോഗോവാല പ്രതികരിച്ചത്.
നാസിക് ജില്ല ആസൂത്രണയോഗവും ചേരിപ്പോരിനെച്ചൊല്ലി നടന്നില്ല. ജില്ലയുടെ ചുമതല തങ്ങളുടെ മന്ത്രി ഗിരീഷ് മഹാജന് നൽകാനാണ് ബി.ജെ.പിയുടെ താൽപര്യം. മന്ത്രി ദാദ ഭുസെക്ക് ചുമതല നൽകണമെന്ന് ഷിൻഡെ പക്ഷവും ശഠിക്കുന്നു. പുതിയ സംസ്ഥാന ദുരന്തനിവാരണ സമിതിയിൽനിന്ന് ഷിൻഡെയേ ഒഴിവാക്കിയതാണ് മറ്റൊരു പ്രധാന സംഭവം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് സമിതി അധ്യക്ഷൻ. അജിത് പവാറും സമിതിയിലുണ്ട്. യോഗം നടന്നത് അറിഞ്ഞില്ലെന്നും സമിതിയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും എവിടെ ദുരന്തമുണ്ടായാലും അവിടെ താനുമുണ്ടാകുമെന്നുമാണ് ഷിൻഡെ പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.