Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രിയ സുലെ കേന്ദ്രത്തിലേക്ക്?; സുനേത്ര പവാറിന് പകരം ഭുജ്ബൽ?; എൻ.സി.പി നേതാക്കൾ അമിത് ഷായെ കണ്ടതിന് പിന്നാലെ അഭ്യൂഹം ശക്തം

text_fields
bookmark_border
Maharashtra NCP Merger Buzz: Chhagan Bhujbal as Deputy CM, Sule to Centre?
cancel

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻ.സി.പി) ഇരുവിഭാഗങ്ങളും തമ്മിൽ ഐക്യത്തിന് വഴിതുറക്കുന്നതായി റിപ്പോർട്ടുകൾ. ജനുവരിയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ എൻ.സി.പിയെയും, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി (എസ്.പി) വിഭാഗത്തെയും ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള കാർമികത്വത്തിൽ വേഗത്തിലാക്കിയതായാണ് സൂചനകൾ.

ഈ രാഷ്ട്രീയ ധാരണ യാഥാർത്ഥ്യമായാൽ മഹാരാഷ്ട്ര ഭരണരംഗത്തും വലിയ അഴിച്ചുപണികൾ നടക്കും

  • ഉപമുഖ്യമന്ത്രി മാറ്റം: നിലവിലെ ഉപമുഖ്യമന്ത്രിയായ സുനേത്ര പവാറിന് പകരം പാർട്ടിയുടെ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലിനെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവന്നേക്കും.
  • കേന്ദ്രത്തിൽ പ്രാതിനിധ്യം: ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായേക്കും.
  • സംസ്ഥാന മന്ത്രിസഭാ വികസനം: ജയന്ത് പാട്ടീൽ, രോഹിത് പവാർ, ജിതേന്ദ്ര ആവാദ് എന്നിവരെ ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നൽകുന്ന ബി.ജെ.പി സഖ്യസർക്കാരിൽ (മഹായുതി) മന്ത്രിമാരാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

ഡൽഹി രാംലീല മൈതാനിയിൽ പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി നടത്തിയ വൻ മഹാറാലിക്ക് തിരിച്ചടി നൽകാനും പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താനും ലക്ഷ്യമിട്ടാണ് എൻ.സി.പി ലയനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായ്ക്ക് നിർദ്ദേശം നൽകിയതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ആശങ്കയോടെ സുനേത്ര പവാറും പഴയ നേതാക്കളും

പാർട്ടികൾ ഒന്നിക്കുന്നതിനെതിരെ എൻ.സി.പിയിലെ ചില പ്രമുഖ നേതാക്കൾക്ക് ഉള്ളിൽ കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. ലയനം നടന്നാൽ അജിത് പവാർ പടുത്തുയർത്തിയ പാർട്ടിയുടെ കടിഞ്ഞാണും സ്ഥാനമാനങ്ങളും സുനേത്ര പവാറിനും മക്കൾക്കും നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. പാർട്ടി പൂർണമായി ശരദ് പവാറിന്റെയും സുപ്രിയ സുലെയുടെയും നിയന്ത്രണത്തിലായാൽ തങ്ങൾക്ക് പഴയ പ്രാധാന്യം ലഭിക്കില്ലെന്ന ഭയം പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ തുടങ്ങിയ മുതിർന്ന നേതാക്കൾക്കുമുണ്ട്. ഇക്കാരണങ്ങളാലാണ് ലയന ചർച്ചകൾ പലതവണ വൈകിയത്. ഇതിനിടെ, 85-കാരനായ ശരദ് പവാറിനെ കടുത്ത ചുമയെയും അസ്വസ്ഥതകളെയും തുടർന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രിയ സുലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

'അഭിപ്രായവ്യത്യാസങ്ങളില്ല; പാർട്ടി ഒറ്റക്കെട്ട്': വാർത്തകൾ തള്ളി എൻ.സി.പി

ഡൽഹിയിൽ അമിത് ഷായുമായി എൻ.സി.പി നേതാക്കൾ നടത്തിയ അർദ്ധരാത്രി കൂടിക്കാഴ്ചയിൽ സുനേത്ര പവാറോ രാജ്യസഭാ എം.പിയായ മകൻ പാർത്ഥ് പവാറോ പങ്കെടുക്കാതിരുന്നത് ഭിന്നതയുടെ തെളിവാണെന്ന വാർത്തകൾ എൻ.സി.പി ഔദ്യോഗികമായി നിഷേധിച്ചു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സുനേത്ര പവാറിന്റെ നിർദ്ദേശപ്രകാരമാണ് മുതിർന്ന നേതാക്കൾ ഷായെ കണ്ടതെന്നും ദേശീയ മുഖ്യവക്താവ് ഉമേഷ് പാട്ടീൽ വ്യക്തമാക്കി. പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ, ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്‌രിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ എന്നിവരടങ്ങുന്ന സംഘമാണ് അമിത് ഷായുമായി ചർച്ച നടത്തിയത്. തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ ഭുജ്ബലിന്റെ വസതിയിൽ ഇവർ അടച്ചിട്ട മുറിയിൽ വീണ്ടും കൂടിയാലോചനകൾ നടത്തി.

സുനേത്ര പവാറിന്റെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണെന്നും സഖ്യകക്ഷികൾ തമ്മിലുള്ള പതിവ് രാഷ്ട്രീയ കൂടിക്കാഴ്ചകളെ ഉൾപ്പാർട്ടി ഭിന്നതയായി വ്യാഖ്യാനിക്കരുതെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. 18 വർഷമായി എൻ.സി.പി നിലനിർത്തിയിരുന്ന ഔറംഗബാദ് ബിരുദ മണ്ഡലം ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ അടുത്തിടെ നഷ്ടപ്പെട്ടതും, അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും പാർട്ടിയെ വലിയ സമ്മർദ്ദത്തിലാക്കുന്ന ഘട്ടത്തിലാണ് ഈ പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maharashtra NCP Merger Buzz: Chhagan Bhujbal as Deputy CM, Sule to Centre?
Next Story