ശിവജിയുടെ പുലിനഖ ആയുധം കടമെടുക്കാൻ മഹാരാഷ്ട്ര മന്ത്രി ലണ്ടനിലേക്ക്
text_fieldsമുംബൈ: ബിജാപുർ ആദിൽ ശാഹി സാമ്രാജ്യത്തിന്റെ ജനറലായിരുന്ന അഫ്സൽ ഖാനെ വധിക്കാൻ മറാത്ത ചക്രവർത്തി ശിവജി ഉപയോഗിച്ച ‘പുലിനഖ’ ആയുധം ലണ്ടനിലെ മ്യൂസിയത്തിൽനിന്ന് മഹാരാഷ്ട്ര സർക്കാർ കടമെടുക്കുന്നു. ഇതിനായി വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം അധികൃതരുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ സംസ്ഥാന സാംസ്കാരിക മന്ത്രിയും ബി.ജെ.പി നേതാവുമായ സുധീർ മുങ്കൻതീവാർ ലണ്ടനിലേക്ക് പുറപ്പെട്ടു.
മൂന്ന് വർഷത്തേക്കാണ് കടമെടുക്കുന്നത്. നവംബർ മുതൽ സംസ്ഥാനത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. സംവരണത്തിന്റെ പേരിൽ ഉടക്കിയ മറാത്തകളെ അനുനയിപ്പിക്കലാണ് ലക്ഷ്യങ്ങളിലൊന്ന്.
കാലാകാലങ്ങളായി തുടരുന്ന വർഗീയ മുതലെടുപ്പാണ് സംശയിക്കപ്പെടുന്ന മറ്റൊന്ന്. കൊണ്ടുവരുന്ന പുലിനഖ ആയുധം ശിവജി ഉപയോഗിച്ചത് തന്നെയായിരിക്കണമെന്ന് ഉദ്ധവ് പക്ഷ ശിവസേനയും എൻ.സി.പിയും പരിഹസിച്ചു.
ശിവജി ഉപയോഗിച്ച അതേ പുലിനഖം സ്ഥിരമായി സംസ്ഥാനത്ത് നിലനിർത്തിയാൽ സർക്കാറിനെ ആദരിക്കുമെന്ന് ആദിത്യ താക്കറെ പറഞ്ഞു. ശിവജി ഉപയോഗിച്ച പുലിനഖ ആയുധം തന്നെയാണ് ലണ്ടൻ മ്യൂസിയത്തിൽനിന്ന് കൊണ്ടുവരുന്നതെന്ന വാദം തള്ളിപ്പറയുന്ന ചരിത്രകാരൻ ഇന്ദ്രജീത് സാവന്തിന്റെ വിഡിയോ പങ്കുവെച്ചാണ് എൻ.സി.പി നേതാവ് ചിതേന്ദ്ര ആവാദ് പ്രതികരിച്ചത്.