ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്നതിനെ എതിർത്ത് മഹാരാഷ്ട്ര ഭാഷാ സമിതി; പ്രതിരോധത്തിലായി ഫഡ്നാവിസ് സർക്കാർ
text_fieldsമുംബൈ: സംസ്ഥാന സ്കൂളുകളിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് മറാത്തിക്കും ഇംഗ്ലീഷിനും പുറമേ മൂന്നാം ഭാഷയായി ഹിന്ദിയും അവതരിപ്പിക്കുന്നതിനെ പരസ്യമായി എതിർത്ത് മഹാരാഷ്ട്രയിലെ ഭാഷാ ഉപദേശക സമിതി. ഇത് സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കി.
തമിഴ്നാടിനുശേഷം പ്രൈമറി സ്കൂളിൽ നിർബന്ധിത മൂന്നാം ഭാഷ അവതരിപ്പിക്കുന്നത് തിരിച്ചടിയിലേക്ക് നയിക്കുന്ന രണ്ടാമത്തെ പ്രധാന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കമ്മിറ്റി ഈ നീക്കം അക്കാദമികമായി ന്യായീകരിക്കപ്പെടുന്നതോ വിദ്യാർഥികളുടെ മനഃശാസ്ത്രവുമായി പൊരുത്തപ്പെടുന്നതോ അല്ല എന്ന് പറഞ്ഞു.
ഏപ്രിൽ 16ന് മഹാരാഷ്ട്രയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് സംസ്ഥാനത്തിന്റെ നിർദേശം പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ഒന്നാം ക്ലാസ് മുതൽ ഹിന്ദി മൂന്നാം ഭാഷയായി പഠിപ്പിക്കുമെന്ന വ്യവസ്ഥയും. ഇത് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സമൂഹ മാധ്യമത്തിൽ വിമർശനത്തിന് കാരണമായി.
എന്നാൽ, പാനലിന്റെ കത്ത് താൻ വായിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹിന്ദി മറാത്തിക്ക് പകരമല്ലെന്ന് വ്യക്തമാക്കി. മറാത്തി നിർബന്ധമാണ്. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം പ്രകാരം മൂന്ന് ഭാഷകൾ പഠിക്കേണ്ടത് നിർബന്ധമാണ്. അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. അതിനാൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഭാഷാ പാനൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഹിന്ദി പഠിപ്പിക്കാൻ ആവശ്യമായ ഫാക്കൽറ്റി ഉള്ളതിനാൽ അവർ ഹിന്ദി തിരഞ്ഞെടുത്തു.
എന്നാൽ ചില സ്കൂളുകൾ ഹിന്ദിക്ക് പകരം മറ്റൊരു ഇന്ത്യൻ ഭാഷ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കുറഞ്ഞത് 20 വിദ്യാർത്ഥികളെങ്കിലും അത് തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ, ഒരു അധ്യാപകനെ നിയമിക്കാമെന്ന് ഫഡ്നാവിസ് വ്യക്തമാക്കി. അല്ലെങ്കിൽ അധ്യാപനം ഓൺലൈനായി നടത്താം. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ഇത് പ്രത്യേകിച്ചും പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ത്രിഭാഷാ നയം ‘അശാസ്ത്രീയമാണ്’ എന്നും യുവ വിദ്യാർത്ഥികളിൽ അനാവശ്യ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ടെന്നും ഭാഷാ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകരം, പന്ത്രണ്ടാം ക്ലാസ് വരെ മറാത്തി ഉൾപ്പെടെ രണ്ട് ഭാഷകൾ മാത്രം എന്ന നിബന്ധന നടപ്പിലാക്കണമെന്ന് അവർ നിർദേശിച്ചു. അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പൂണെയിലെ എസ്.സി.ഇ.ആർ.ടി കമ്മിറ്റിയുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും കമ്മിറ്റിയുടെ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

