വിമത എം.പിമാരുടെ സുരക്ഷ കൂട്ടി മഹാരാഷ്ട്ര
text_fieldsമുംബൈ: പിളർപ്പ് അഭ്യൂഹത്തിനിടെ ഉദ്ധവ് താക്കറെ പക്ഷ ശിവസേന ഡൽഹിയിൽ വിളിച്ച പാർലമെന്ററി കാര്യ യോഗത്തിൽ നിന്ന് വിട്ടുനിന്ന ആറ് എം.പിമാരുടെ സുരക്ഷാ സന്നാഹം വൈ പ്ലസാക്കി മഹാരാഷ്ട്ര സർക്കാർ. വീടിനും ഓഫിസുകൾക്കും സുരക്ഷ വർധിപ്പിച്ചു.
സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്കതിക്കർ, സഞ്ജയ് ജാദവ്, ഭാഉസാഹെബ് വാക്ക്ചൗരേ, സഞ്ജയ്ദിന പാട്ടീൽ, ഓംരാജെനായിക് നിമ്പാൽക്കർ എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. തങ്ങളെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്ന്ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ ലോക്സഭ സ്പീക്കർക്ക് കത്തുനൽകിയിരുന്നു.
പാർട്ടി നയം ബലികഴിച്ച് ഉദ്ധവ് പക്ഷ ശിവസേന കോൺഗ്രസിൽ ലയിക്കാനുള്ള നീക്കത്തിലാണെന്ന വിചിത്രകാരണമാണ് ഇവർ കത്തിൽ പറയുന്നത്. വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുക്കാത്തതിന് ഉദ്ധവ് പക്ഷം ആറ് എം.പിമാർക്കും കാരണം കാണിക്കൽ നോട്ടീസയച്ചു. ഏഴു ദിവസത്തിനകം മറുപടിനൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിപ്പ് ലംഘിച്ചവരെ പുറത്താക്കാനുള്ള നിയമ നടപടികൾക്ക് തുടക്കമിടുന്നതായും പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയവരെ കോടതിയിൽ നിയമ പരമായും തെരുവിലും നേരിടുമെന്ന് റാവുത്ത് പറഞ്ഞു.
ഏക്നാഥ് ഷിൻഡെയുടെ പേരിലുള്ള ‘ഓപറേഷൻ ടൈഗറി’ന് പിന്നിൽ ബി.ജെ.പിയാണെന്നാണ് ആരോപണം. എം.പിമാരെ ബുധനാഴ്ച ഡൽഹിയിലെത്തിക്കാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനം ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെയാണ് ബുക്കുചെയ്തത്. ആറ് വിമത എം.പിമാർ എവിടെയാണെന്നതിന് വ്യക്തതയില്ല. അവരെ രാജസ്ഥാനിൽ ഒളിപ്പിച്ചതായി സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. അതേസമയം, സഞ്ജയ്ദിന പാട്ടീൽ, ഓംരാജെനായിക് നിമ്പാൽക്കർ എന്നിവർ ആശയക്കുഴപ്പത്തിലാണെന്നാണ് സൂചന. ഇവർ സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

