മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ച് സുശാന്തിന്‍റെ മുൻ കാമുകിയും നടിയുമായ റിയ ചക്രബർത്തി നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനിൽദേശ്മുഖിന്‍റെ പ്രസ്താവന.
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കാൻ മുംബൈ പൊലീസിന് പ്രാപ്തിയുണ്ട്. സി.ബി.ഐയുടെ അന്വേഷണത്തിന് യാതൊരു സാധ്യതയും ഇല്ല. ബിസിനസ് സംബന്ധിച്ചുള്ള വൈരാഗ്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂൺ 14നായിരുന്നു സുശാന്ത് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തത്.