Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് സർക്കാറിന് നിർണായകം

text_fields
bookmark_border
പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും നടപടികൾ ചിത്രീകരിക്കാനും ഗവർണർ നിർദേശം നൽകി
Maharashtra
cancel
Listen to this Article

മുംബൈ: മഹാരാഷ്ട്രയിൽ എം.എൽ.എമാരുടെ വിമതനീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെ സർക്കാറിനോട് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത്സിങ് കോശിയാരി നിർദേശം നൽകി. ഇതിനായി പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും സഭ നടപടികൾ ചിത്രീകരിക്കാനും ഗവർണർ ആവശ്യപ്പെട്ടു.

രാവിലെ 11ന് ചേരുന്ന സഭയുടെ അജണ്ട വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം. വൈകീട്ട് അഞ്ചിനകം നടപടികൾ പൂർത്തിയാക്കണം. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വളരെ അസ്വസ്ഥതപ്പെടുത്തുന്ന ചിത്രമാണ് നൽകുന്നത്. മഹാവികാസ് അഘാഡി സർക്കാരിൽനിന്ന് പുറത്തുപോകാൻ 39 എം.എൽ.എമാർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏഴ് സ്വതന്ത്ര എം.എൽ.എമാരും പിന്തുണ പിൻവലിച്ച് ഇ-മെയിൽ അ‍യച്ചു. പ്രതിപക്ഷ നേതാവ് നേരിട്ട് കണ്ട് നിലവിലെ സാഹചര്യം വിശദീകരിക്കുകയും വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടുകയും ചെയ്തു -ഗവർണർ പഞ്ഞു.

അതേസമയം, ഗുവാഹതിയിലെ ഹോട്ടലിൽ കഴിയുന്ന ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘവും ഉടൻ മുംബൈയിലെത്തിയേക്കും. മുംബൈക്കു സമീപം ഏതെങ്കിലും ഹോട്ടലിൽ എം.എൽ.എമാരെ എത്തിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച രാത്രി ഗവർണറെ കണ്ട് ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതോടെയാണ് വിശ്വാസ വോട്ടിന് കളമൊരുങ്ങിയത്.

അയോഗ്യരാക്കാതിരിക്കാൻ സ്പീക്കർ നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരെ വിമതർ സുപ്രീംകോടതിയിൽ നൽകിയ ഹരജി ചൂണ്ടിക്കാട്ടിയാണ് ഫഡ്നാവിസിന്റെ നീക്കം. 39 ശിവസേന എം.എൽ.എമാർ അഘാഡിക്കുള്ള പിന്തുണ പിൻവലിച്ചതായി ഹരജിയിൽ പറയുന്നു. ഡൽഹിയിൽ ചെന്ന് പാർട്ടി ദേശീയ നേതൃത്വത്തെ കണ്ട ശേഷം മുംബൈയിലെത്തിയ ഫഡ്നാവിസ് മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം രാജ്ഭവനിലെത്തുകയായിരുന്നു. ശിവസേനയിലേക്ക് മടക്കമില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നുമുള്ള സൂചനയുമായി ഷിൻഡെ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരസ്യ നീക്കങ്ങൾ.

അവസാന ശ്രമമെന്നനിലയിൽ ചൊവ്വാഴ്ച ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാൻ വൈകാരികമായി അഭ്യർഥിച്ചിരുന്നു. ശിവസേന തലവൻ എന്നനിലയിൽ ശിവസൈനികരുടെ മുഴുവൻ കുടുംബത്തിന്റെയും തലവൻ കൂടിയാണെന്നും കെണിയിൽപെടരുതെന്നും നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ആശങ്കയുണ്ടെന്നും ഉദ്ധവ് പറഞ്ഞു. എന്നാൽ, വിമതപക്ഷം ചെവിക്കൊണ്ടില്ല. വിമതരിൽ പകുതിയോളം പേർ തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്ന ഔദ്യോഗികപക്ഷത്തിന്റെ വാദം ഏക്നാഥ് ഷിൻഡെ തള്ളി.

55 ശിവസേന എം.എൽ.എമാരിൽ 39 പേർ ഷിൻഡെക്ക് ഒപ്പമാണ്. ഇതുവരെ അഘാഡിയെ പിന്തുണച്ച 11ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. വിമതരെ പൂർണമായും പൊളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഉദ്ധവ് സർക്കാറിന് വിശ്വാസവോട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല.

16 എം.എൽ.എമാരാണ് ഔദ്യോഗികപക്ഷത്തുള്ളത്. എൻ.സി.പിയുടെ 52ഉം കോൺഗ്രസിലെ 44ഉം ശേഷിച്ച അഞ്ച് സ്വതന്ത്രരും ചേർന്നാൽ 117 പേരെ അഘാഡിയിലുള്ളൂ. 145 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എട്ട് സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിക്കുള്ളത്. ഷിൻഡെ പക്ഷത്തെ 16 പേരെ അയോഗ്യരാക്കിയാലും ശേഷിച്ച 34 പേരുടെ പിന്തുണയുണ്ടെങ്കിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാനാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra Guv asks Uddhav Thackeray to prove majority on floor
Next Story