ന്യൂഡൽഹി: സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാറിനെതിരെ വിമർശനവുമായി ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. മഹാരാഷ്ട്ര സർക്കാർ ഇതുവരെ ഉറങ്ങുകയായിരുന്നുവെന്ന് സംബിത് പത്ര പറഞ്ഞു.
'മഹാരാഷ്ട്ര സർക്കാർ ഇതുവരെ ഉറങ്ങുകയായിരുന്നു. പിന്നീട് സഞ്ജയ് റാവുത്ത് സുശാന്തിന്‍റെ കുടുംബത്തെ കുറ്റപ്പെടുത്തി. ഇപ്പോൾ സർക്കാർ കരയുകയാണ്. മഹാരാഷ്ട്ര സർക്കാർ അധികാരത്തിൽ നിന്ന് ഇല്ലാതാകുമെന്ന വാർത്തയും നമുക്ക് ഇടൻ കേൾക്കാം' -സംബിത് പത്ര ട്വീറ്റ് ചെയ്തു.
കേസ് സി.ബി.ഐക്ക് വിട്ടതിനെ നേരത്തെ സംബിത് പത്ര സ്വാഗതം ചെയ്തിരുന്നു. സത്യം തെളിയുക തന്നെ ചെയ്യുമെന്നും കേസിന്‍റെ ചുരുളഴിയാൻ പോവുകയാണെന്നും പത്ര പറഞ്ഞു.
ഇന്ന് രാവിലെയാണ് കേസ് സി.ബി.ഐക്ക് വിടാൻ സുപ്രീംകോടതി ഉത്തരവിട്ടത്. മുംബൈ പൊലീസ് ശേഖരിച്ച തെളിവുകൾ കൈമാറണമെന്നും കോടതി പറഞ്ഞിരുന്നു.
ജൂൺ 14 നാണ് സുശാന്ത് സിങ്ങിനെ (34) മുംബൈ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നും സുശാന്തിന് വിഷാദരോഗം ബാധിച്ചിരുന്നുവെന്നുമാണ് മുംബൈ പൊലീസ് കണ്ടെത്തിയത്.