സഖ്യകക്ഷികളെ ബി.ജെ.പി ലക്ഷ്യമിടുന്നതായി രോഹിത് പവാർ; മഹാരാഷ്ട്രയിൽ അണയാതെ നാസിക് ‘ആൾദൈവ’ വിവാദം
text_fieldsമുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്ന് ആൾദൈവ വിവാദം. നാസിക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അശോക് ഖറാത്ത് എന്ന ആൾദൈവത്തിന്റെ അറസ്റ്റിന് പിന്നാലെ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻ.സി.പി എം.എൽ.എ രോഹിത് പവാർ രംഗത്തെത്തി. സഖ്യകക്ഷികളെ തകർക്കാനും അവരുടെ പ്രതിച്ഛായ മോശമാക്കാനും ബി.ജെ.പി ബോധപൂർവം കരുനീക്കം നടത്തുകയാണെന്ന് രോഹിത് പവാർ ആരോപിച്ചു.
പ്രതിപക്ഷ എം.എൽ.എമാരെയും എം.പിമാരെയും ഭരണകക്ഷികൾ റാഞ്ചാൻ ശ്രമിക്കുന്നതായി വാർത്തകളുണ്ടെങ്കിലും യാഥാർഥ്യം മറ്റൊന്നാണെന്ന് രോഹിത് പവാർ എക്സിൽ കുറിച്ചു. അടുത്ത മാസം അവസാനത്തോടെ ഭരണകക്ഷിയിലെ ഒരു 'പ്രബല ശക്തി' സ്വന്തം സഖ്യകക്ഷികളെ തന്നെ ലക്ഷ്യം വെച്ചേക്കുമെന്ന് തനിക്ക് ശക്തമായ വിവരമുണ്ടെന്ന് രോഹിത് അവകാശപ്പെട്ടു.
‘ഇന്ന് ബി.ജെ.പി തങ്ങളുടെ സഖ്യകക്ഷികളോട് സൗഹൃദം നടിക്കുന്നുണ്ടാകാം. എന്നാൽ, നാളെ ഇതേ സഖ്യകക്ഷികൾ വഞ്ചിക്കപ്പെട്ടേക്കും. അതിനാൽ, ബി.ജെ.പിയുടെ ഇരയാകാതിരിക്കാൻ സഖ്യകക്ഷികൾ അതീവ ജാഗ്രത പാലിക്കുന്നതാണ് ബുദ്ധി’ -രോഹിത് പവാർ പോസ്റ്റ് ചെയ്തു.
സ്വയം പ്രഖ്യാപിത ആൾദൈവമായ അശോക് ഖറാത്ത് ആത്മീയതയുടെ മറവിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദമാണ് മഹാരാഷ്ട്രയിൽ ഉടലെടുത്തിരിക്കുന്നത്. പല ഉദ്യോഗസ്ഥരും ഇയാളുടെ ശൃംഖലയിൽ പങ്കാളികളാണെന്നും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലെയും അജിത് പവാർ വിഭാഗം എൻ.സി.പിയിലെയും പ്രമുഖ നേതാക്കൾ ഖറാത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതാണ് ഭരണസഖ്യത്തെ പ്രതിരോധത്തിലാക്കിയത്. സഖ്യകക്ഷികളെ നാണംകെടുത്താൻ ഈ വിവാദം ബി.ജെ.പി ബോധപൂർവം പുറത്തുവിട്ടതാണെന്നാണ് രോഹിത് പവാറിന്റെ പക്ഷം. മഹാരാഷ്ട്ര സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിത്.
എന്നാൽ, രോഹിത് പവാറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി നേതാവ് പ്രവീൺ ദരേക്കർ പ്രതികരിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിന് മുമ്പ് സ്വന്തം പാർട്ടിയിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രോഹിത് പവാർ ശ്രദ്ധിക്കണമെന്ന് ദരേക്കർ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

