Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വമേധയാ മതം മാറാനും സർക്കാരിന്റെ അനുമതിയോ? മതപരിവർത്തന നിരോധന നിയമത്തിനെതിരെ ബോബൈ ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
The Bombay High Court premises where the petition challenging the Maharashtra Freedom of Religion Act 2026 was filed.
cancel
camera_alt

ബോബൈ ഹൈകോടതി

മുംബൈ: മഹാരാഷ്ട്ര സർക്കാർ പാസാക്കിയ വിവാദ മതപരിവർത്തന നിരോധന നിയമമായ 'മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2026'-ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബോംബെ ഹൈകോടതിയുടെ പ്രിൻസിപ്പൽ ബെഞ്ചിൽ പുതിയ ഹരജി. താനെ ഭിവണ്ടി സ്വദേശിയായ എഴുപതുകാരനായ ഇസ്ലാമിക പണ്ഡിതൻ മൗലാന ഹലീമുള്ള ഫാറൂഖ് അഹമ്മദ് ഖാനാണ് അഡ്വക്കേറ്റ് മതീൻ ഷെയ്ഖ് മുഖേന ഹൈകോടതിയെ സമീപിച്ചത്.

ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21 (വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത), ആർട്ടിക്കിൾ 25 (മതസ്വാതന്ത്ര്യം) എന്നിവയുടെ നഗ്നമായ ലംഘനമാണ് ഈ നിയമമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിർബന്ധിതമോ വഞ്ചനാപരമോ ആയ വിവാഹങ്ങൾ തടയുന്നത് ന്യായമാണെങ്കിലും, പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങളിലോ സ്വമേധയാ നടത്തുന്ന മതപരിവർത്തനങ്ങളിലോ ഭരണകൂടം നിരീക്ഷണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹരജിക്കാരൻ വാദിക്കുന്നു. പങ്കാളിയെ തിരഞ്ഞെടുക്കുന്നതും വിശ്വാസം തീരുമാനിക്കുന്നതും വ്യക്തിപരമായ സ്വയംനിർണയാവകാശത്തിന്റെ ഭാഗമാണ്.

നിയമത്തിലെ വിവിധ വകുപ്പുകളിലെ അപകടകരമായ വ്യവസ്ഥകളെ ഹരജി പ്രത്യേകം അക്കമിട്ട് നിരത്തുന്നു:

സ്ത്രീകളോടുള്ള വിവേചനം (സെക്ഷൻ 9(2)): സ്ത്രീകളെ മതപരിവർത്തനം നടത്തുന്നതിന് ഉയർന്ന ശിക്ഷ വ്യവസ്ഥ ചെയ്യുന്നത് ലിംഗവിവേചനപരമാണെന്ന് ഹരജി ആരോപിക്കുന്നു.

പ്രലോഭനത്തിന്റെ അവ്യക്തമായ നിർവചനം (സെക്ഷൻ 2(എ)): 'മെച്ചപ്പെട്ട ജീവിതശൈലി', 'ദൈവിക രോഗശാന്തി' തുടങ്ങിയ പ്രയോഗങ്ങൾ പ്രലോഭനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് ജീവകാരുണ്യ പ്രവർത്തനങ്ങളെയും നിയമാനുസൃതമായ മതപ്രബോധനങ്ങളെയും പോലും ക്രിമിനൽ കുറ്റമാക്കാൻ ഇടയാക്കും.

60 ദിവസത്തെ മുൻകൂർ നോട്ടീസ്: മതം മാറുന്നതിന് 60 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന നിബന്ധന വ്യക്തിഗത വിശ്വാസത്തെ പൊതുവിചാരണയ്ക്കും ഭരണകൂട ഇടപെടലുകൾക്കും വിധേയമാക്കുമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു.

തെളിയിക്കാനുള്ള ബാധ്യത (സെക്ഷൻ 13): തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതന്റെ മേൽ ചുമത്തുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ സ്വാഭാവിക നീതിയുടെയും നിരപരാധിത്വ അനുമാനത്തിന്റെയും ലംഘനമാണ്.

ഈ സാഹചര്യത്തിൽ നിയമം പൂർണമായി റദ്ദാക്കണമെന്നും, അല്ലെങ്കിൽ യഥാർത്ഥ ബലപ്രയോഗവും വഞ്ചനയും നടക്കുന്ന കേസുകളിലേക്ക് മാത്രമായി ഇതിന്റെ പരിധി ചുരുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ ആഗസ്റ്റ് 21-ന് നാഗ്പൂർ ബെഞ്ച് സമാനമായ മറ്റൊരു ഹർജി അവ്യക്തമായ വാദങ്ങളുടെ പേരിൽ 500 രൂപ പിഴയോടെ തള്ളിയിരുന്നുവെങ്കിലും, മതിയായ പഠനത്തിന് ശേഷം പുതിയ ഹരജി നൽകാമെന്ന് വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scholar Challenges Maharashtra Freedom of Religion Act in Bombay HC
Next Story