അനധികൃത ആഫ്രിക്കൻ മുഷി കൃഷിക്കെതിരെ മഹാരാഷ്ട്ര മൽസ്യവകുപ്പ്; 2.4 ടൺ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
text_fieldsമുംബൈ: ഉജാനി ജലസംഭരണിയിലെ അനധികൃത ആഫ്രിക്കൻ മുഷി കൃഷിക്കെതിരെ മഹാരാഷ്ട്ര മത്സ്യവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് ആഫ്രിക്കൻ മുഷി വളർത്തൽ നിയമപരമായി നിരോധിച്ചിരിക്കുകയാണ്. മൽസ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ദപുരിൽനിന്ന് കൽത്താൻ നമ്പർ രണ്ടിലെ ഉജാനി റിസർവോയറിൽ അനധികൃത ആഫ്രിക്കൻ മുഷി കൃഷിക്കെതിരെ ഫിഷറീസ് വകുപ്പ് പരിശോധന നടത്തുകയായിരുന്നു. മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ തയാറായ നിലയിലുള്ള 2.4 ടൺ മത്സ്യം പിടിച്ചെടുത്തു.
ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (ബി.എൻ.എച്ച്.എസ്) ശാസ്ത്രജ്ഞനെ ഏത് ഇനം മൽസ്യമാണെന്ന് തിരിച്ചറിയുന്നതിനായി വിളിച്ചുവരുത്തുകയും മൽസ്യം നശിപ്പിക്കുകയും ചെയ്തു. അധിനിവേശ മൽസ്യ ഇനമായ നിരോധിത ആഫ്രിക്കൻ മംഗൂർ (ക്ലാരിയാസ് ഗാരിയീപിനസ്) ഇനത്തിൽപെട്ട മുഷിയായിരുന്നു. മഹാരാഷ്ട്ര ഫിഷറീസ് അസി.കമീഷണർ അർച്ചന ഷിൻഡെ, ഫിഷറി ഡെവലപ്‌മെന്റ് ഓഫിസർ റാത്തോഡ്, തുഷാർ വാലുഞ്ച്, ദീപാലി ഗുണ്ട്, ഗജാനൻ കേറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്ത്യൻ മത്സ്യങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും മത്സ്യബന്ധനത്തിനും ദോഷകരമായതിനാൽ ഈ മൽസ്യകൃഷി ചെയ്യരുതെന്ന് മത്സ്യബന്ധന വകുപ്പ് ഉടമകളെ നേരത്തേ അറിയിച്ചിരുന്നു,എന്നിരുന്നാലും, ഉടമകൾ കൃഷി തുടരുകയും മൽസ്യത്തെ വിപണിയിലെത്തിക്കുകയും ചെയ്തു. പ്രധാനപ്പെട്ട തണ്ണീർത്തടമായ ഉജാനിയിലെ തദ്ദേശീയ ജല ജൈവവൈവിധ്യത്തിന് ഈ നിയമവിരുദ്ധ കൃഷി ഗുരുതരമായ ഭീഷണി ഉയർത്തുന്നു. മറ്റു ജലമൽസ്യങ്ങൾക്കും ജലജീവിവർഗത്തിനുതന്നെ ഭീഷണിയാകുന്ന മൽസ്യമാണ് ആഫ്രിക്കൻ മുഷി.
1997 ഡിസംബർ 19-ന് ഇന്ത്യാ ഗവൺമെന്റ് സംസ്ഥാനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലർ പ്രകാരമാണ് ഓപറേഷൻ നടത്തിയത്, ഈ ഇരപിടിയൻ മൽസ്യം തണ്ണീർത്തടങ്ങളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇവക്ക് ആഹാരമായി മാംസാവശിഷ്ടങ്ങൾ നൽകുന്നത് മൂലം ജലാശയവും മലിനമാകാറുണ്ട്. മഹാരാഷ്ട്രയെ കൂടാതെ ആന്ധ്രയിലും തമിഴ്നാട്ടിലും വ്യാപകമായി ഇവരെ കൃഷിചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

