മഹാരാഷ്ട്രയിൽ കർഷക ജാഥ അവസാനിപ്പിച്ചു
text_fieldsമുംബൈ: ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും നടപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തതോടെ സി.പി.എമ്മും കിസാൻ സഭയും നയിച്ച മഹാരാഷ്ട്രയിലെ കർഷകരുടെ കാൽനടജാഥ അവസാനിപ്പിച്ചു. താണെ ജില്ലയിലെ വാസിന്തിൽ തമ്പടിച്ച കർഷകരെ ശനിയാഴ്ച പ്രത്യേക ട്രെയിനുകളിൽ സർക്കാർ നാസിക്കിൽ എത്തിച്ചു.
സവാള കർഷകർക്ക് അടിയന്തര ധനസഹായം, കടം എഴുതിത്തള്ളൽ, ആദിവാസികൾ കൃഷിചെയ്തുവരുന്ന വനഭൂമിയിൽ അവർക്ക് അവകാശം നൽകുക തുടങ്ങി 14 ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച നാസിക്കിൽ നിന്ന് മുംബൈയിലേക്ക് കാൽനടജാഥ പുറപ്പെട്ടത്.
ബുധനാഴ്ച രാത്രി താണെയിലെ വാസിന്തിൽ എത്തിയതോടെ സർക്കാർ ചർച്ചക്ക് തയാറായി. വ്യാഴാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ കർഷക നേതാക്കളുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിച്ചു. വെള്ളിയാഴ്ച ഏക്നാഥ് ഷിൻഡെ നിയമസഭയിൽ പ്രഖ്യാപിച്ചു ചെയ്തു. അതതു വകുപ്പുകൾ ഉത്തരവിറക്കാതെ കാൽനട ജാഥ പിൻവലിക്കില്ലെന്ന നിലപാടായിരുന്നു കർഷകർക്ക്. ഇതിനിടെ ജാഥയിൽ പങ്കാളിയായ കർഷകൻ വെള്ളിയാഴ്ച രാത്രി മരിച്ചു. നാസിക്കിലെ ദിൻഡൊരി നിവാസി പുണ്ഡലിക് അമ്പോ ജാദവ് (58) ആണ് മരിച്ചത്.