മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി; രാഹുലിന്റെ ലേഖനം തള്ളി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവിധ പത്രങ്ങളിൽ വന്ന ലേഖനം അസംബന്ധമാണെന്ന മറുപടിയുമായി തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും. പിന്നാലെ സി.സി.ടി.വി അടക്കമുള്ള തെളിവുകൾ പുറത്തുവിടാൻ കമീഷനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധിയും രംഗത്തുവന്നു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ അഞ്ച് ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ് നടത്തിയെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ലേഖനം. ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കലാണ്. രണ്ടാമത് വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർക്കും.
മൂന്നാം ഘട്ടത്തിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കും. നാലാമത് ബി.ജെ.പി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് നടത്തും. അവസാന ഘട്ടം തെളിവുകൾ മറക്കുന്നതിന് വേണ്ടിയാണെന്ന് വിശദമായ ലേഖനത്തിൽ രാഹുൽ ആരോപിക്കുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിങ് ശതമാനത്തിലെ വൻ വർധന ലേഖനത്തിൽ വിശദീകരിക്കുന്നു.
എന്നാൽ, വോട്ടർമാരുടെ പ്രതികൂല വിധിക്കുശേഷം കമീഷൻ വിട്ടുവീഴ്ച ചെയ്തതാണെന്ന് പറഞ്ഞ് അതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് അസംബന്ധമാണെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവിന്റെ അടയാളമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടിക, പോളിങ്, വോട്ടെണ്ണൽ തുടങ്ങി എല്ലാ പ്രക്രിയയും സർക്കാർ ജീവനക്കാരാണ് നടത്തുന്നത്. പോളിങ് സ്റ്റേഷൻമുതൽ നിയോജകമണ്ഡലതലം വരെയുള്ള രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നിയമിക്കുന്ന അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിലാണെനും കമീഷൻ പുറത്തിറിക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍കൂട്ടി കണ്ടതിന്റെ വേവലാതിയാണ് ലേഖനമെന്ന് ബി.ജെ.പി പരിഹസിച്ചു. ആരോപണം തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മറുപടി ലേഖനവുമെഴുതി. കമീഷന്റെ പ്രസ്താവനക്ക് പിന്നാലെ, നിങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അത് തെളിയിക്കൂ എന്ന് രാഹുൽ എക്സിൽ കുറിച്ചു.
പ്രതിപക്ഷം സംശയമുന്നയിച്ച ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്നും മഹാരാഷ്ട്ര പോളിങ് ബൂത്തുകളിൽനിന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷമുള്ള എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

