വായിൽ ചാണകം തിരുകി, മഹാരാഷ്ട്രയിൽ ദലിത് യുവാവിനും മകനും പശു സംരക്ഷക ഗുണ്ടകളുടെ ക്രൂര മർദനം; ആറുപേർക്കെതിരെ കേസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ പശു സംരക്ഷക ഗുണ്ടകൾ ദലിത് യുവാവിനെ ആക്രമിക്കുകയും ബലം പ്രയോഗിച്ച് ചാണകം തീറ്റിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന പരമേശ്വർ സുഹാസ് ഹിവാലെയെയും പ്രായപൂർത്തിയാകാത്ത മകനെയുമാണ് സംഘം ആക്രമിച്ചത്.
കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പരമേശ്വർ സുഹാസ് ഹിവാലെ പൊലീസിൽ പരാതി നൽകിയത്. മേയ് 23ന് ദേവുൽഗാവ് രാജയിലെ ആഴ്ചച്ചന്തയിൽ നിന്ന് കാളയെ വാങ്ങി മകനും പരിചയക്കാരനുമൊപ്പം ജൽനയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരമേശ്വർ സുഹാസ് ഹിവാലെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വഴിയിൽ ബജ്‌റംഗ്ദൾ അംഗങ്ങളെന്നും ഗോ സംരക്ഷകരെന്നും അവകാശപ്പെടുന്ന സംഘം ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. കനയ്യാനഗർ പ്രദേശത്ത് വെച്ച് വാഹനം തടഞ്ഞുനിർത്തി, പശുവിനെ മുസ്‍ലിം കശാപ്പുകാരന് വിൽക്കാൻ പദ്ധതിയിടുന്നുവെന്ന് ആരോപിച്ച് മൂവരെയും മർദിക്കുകയായിരുന്നു.
നിയമാനുസൃതമായാണ് കാളയെ വാങ്ങിയതെന്നും അതിന്റെ രേഖകൾ കൈവശമുണ്ടെന്ന് പറഞ്ഞിട്ടും സംഘം തന്നെയും മകനെയും മർദിച്ചു. തുടർന്ന് ജാതീയ അധിക്ഷേപങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു. ആക്രമണത്തിനിടെ ബലമായി വായിൽ ചാണകം തിരുകിയെന്നും പരമേശ്വർ സുഹാസ് ഹിവാലെ ആരോപിച്ചു. ഹിവാലെയുടെ 11കാരനായ മകന്റെയും വായിൽ ചാണകം തിരുകിയെന്നും ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
ആക്രമണത്തിന്റെ വീഡിയോ സംഘത്തിലെ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതായും ഹിവാലെ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ തനിക്കും കുടുംബത്തിനും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഹിവാലെയുടെ പരാതിയിൽ ആറുപേർക്കെതിരെ ജൽന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

