മഹാരാഷ്ട്ര മുഖ്യമന്ത്രി ബി.ജെ.പിയിൽ നിന്നായിരിക്കുമെന്ന് അജിത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ബി.ജെ.പിയിൽ നിന്നായിരിക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ അജിത് പവാർ. രണ്ട് സഖ്യകക്ഷികൾക്ക് ഉപമുഖ്യമന്ത്രിമാർ ഉണ്ടാവും. ഇതുപ്രകാരം അജിത് പവാറിന്റെ എൻ.സി.പിക്കും ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്കും ഉപമുഖ്യമന്ത്രി പദമുണ്ടാവും. മഹായുതി സഖ്യത്തിന്റെ ഡൽഹിയിൽ നടന്ന യോഗത്തിൽ ബി.ജെ.പി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചുവെന്ന് അജിത് പവാർ അറിയിച്ചു.
സർക്കാർ രൂപീകരിക്കാൻ വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇതാദ്യമായല്ല സർക്കാർ ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു അജിത് പവാറിന്റെ മറുപടി. 1999ൽ ഒരു മാസമെടുത്താണ് സർക്കാർ രൂപീകരണം നടത്തിയതെന്ന് അജിത് പവാർ പറഞ്ഞു.
മുഖ്യമന്ത്രി ആരാണെന്നതിൽ തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് തീയതി പ്രഖ്യാപിച്ചത്. ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും മഹാരാഷ്ട്ര ബി.ജെ.പി അറിയിച്ചിരുന്നു. മുംബൈയിലെ ആസാദ് മൈതാനത്ത് വൈകീട്ട് അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് എന്നായിരുന്നു അറിയിപ്പ്.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന മഹായുതി സഖ്യത്തിന്റെ യോഗത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച സ്വന്തം ഗ്രാമത്തിലേക്ക് പോവുകയാണ് ഷിൻഡെ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

