ആർ.എസ്.എസ് -ബി.ജെ.പി വിമർശനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി
text_fieldsനാഗ്പൂർ: ആർ.എസ്.എസ് -ബിജെ.പി വിമർശനത്തിന് പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്. രാഹുൽ ഗാന്ധിക്ക് കീഴിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വിജയം നേടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ അദ്ദേഹത്തെ പുറത്താക്കാനുള്ള അന്തരീക്ഷം കോൺഗ്രസിൽ രൂപപ്പെടുന്നുണ്ടെന്നായിരുന്നു ഫട്നാവിസിന്റെ ആരോപണം. നാഗ്പൂരിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ എല്ലാവരെയും തുല്യരായി കാണാൻ ആഗ്രഹിക്കുന്നില്ലാത്തതിനാൽ ഭരണഘടന ഇല്ലാതാക്കുക എന്നതാണ് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ‘ഭരണഘടന ഇല്ലായിരുന്നെങ്കിൽ, നമ്മൾ ഇന്ത്യ എന്ന് വിളിക്കുന്നത് ഉണ്ടാകുമായിരുന്നില്ല. ഇന്ന്, ആർ.എസ്.എസ്-ബി.ജെ.പിയുടെ മാനസികാവസ്ഥയുള്ള ആളുകൾ ഭരണഘടന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. എന്തൊക്കെ പറഞ്ഞാലും, ഇന്ത്യയിലെ എല്ലാവരെയും തുല്യരായി കണക്കാക്കാൻ അവർ ആഗ്രഹിക്കുന്നില്ലാത്തതിനാൽ ഭരണഘടന ഇല്ലാതാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം’ -രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയായിരുന്നു ഫട്നാവിസിന്റെ പ്രതികരണം. തന്റെ പാർട്ടിക്കുള്ളിലെ സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുൽ ഗാന്ധി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ പുറത്താക്കാനുള്ള അന്തരീക്ഷം കോൺഗ്രസിൽ വളർന്നുവരുന്നു, കാരണം പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടം. തുടർച്ചയായ പരാജയങ്ങൾ നേരിടുന്നതോടെ പാർട്ടിയിൽ തന്റെ നേതൃത്വം സംരക്ഷിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി പൊരുതുന്നതെന്നും ഫട്നാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

