റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 13 ആയി. മൂന്ന് പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 60ലേറെ പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. എന്‍.ഡി.ആര്‍.എഫിന്റെ (ദേശീയ ദുരന്ത പ്രതികരണ സേന) മൂന്ന് സംഘങ്ങളും അഗ്‌നിശമന സേനയുടെ 12 സംഘങ്ങളും സ്ഥലത്തുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമാണ് റായ്ഗഡ് ജില്ലയിലെ മഹദിലെ അഞ്ചു നില കെട്ടിടം തകര്‍ന്നു വീണത്. 45 ഫ്‌ളാറ്റുകള്‍ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ പഴക്കം ഏഴു വര്‍ഷം മാത്രമായിരുന്നു.
കെട്ടിടത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കെട്ടിടം നിര്‍മിച്ച കോണ്‍ട്രാക്ടര്‍ക്കെതിരെയും ആര്‍ക്കിടെക്റ്റിനെതിരെയും കേസെടുത്തിട്ടുണ്ട്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നതായും, പ്രാദേശിക അധികാരികളും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും സ്ഥലത്തുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.