സ്ഫോടന ആസൂത്രണ കേസ്: രണ്ടു ഹിന്ദുത്വ തീവ്രവാദികൾകൂടി അറസ്റ്റിൽ
text_fieldsമുംബൈ: മുംബൈ, പുണെ അടക്കം നഗരങ്ങളിൽ സ്ഫോടനം ആസൂത്രണം ചെയ്യുകയും ബോംബുകൾ നിർമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ.
ജൽഗാവിലെ യാവൽ താലൂക്കിലെ സക്ലി ഗ്രാമത്തിൽനിന്ന് അജയ് ലോധി (32), വാസുദേവ് സൂര്യവംശി (29) എന്നിവരെയാണ് മഹാരാഷ്ട്ര എ.ടി.എസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായ അഞ്ചുപേർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അറസ്റ്റിലായവർ നിലവിൽ മറ്റ് സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെയും അനുബന്ധ സംഘടനയായ ഹിന്ദു ജൻജാഗ്രുതി സമിതിയുടെയും ഒളി പ്രവർത്തകരാണെന്ന് എ.ടി.എസ് വ്യക്തമാക്കി.
ലോധി, സൂര്യവംശി എന്നിവരുടെ വീടുകൾ വ്യാഴാഴ്ച എ.ടി.എസ് പരിശോധിച്ചിരുന്നു. ആയുധ പരിശീലനവുമായി ബന്ധപ്പെട്ട സീഡി, ബോംബ് നിർമാണ ലഘുലേഖ, വിവിധ നഗരങ്ങളിലെ പബുകളും മറ്റും അടയാളപ്പെടുത്തിയ മാപ് എന്നിവ സൂര്യവംശിയുടെ ഗാരേജിൽനിന്ന് കണ്ടെത്തിയതായി എ.ടി.എസ് പറഞ്ഞു. സ്ഫോടനം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ ഇരുവരും സഹായിച്ചതായി പറയുന്നു.
ഹിന്ദു സംസ്കാരത്തെ ഹനിക്കുന്ന പാശ്ചാത്യൻ സംഗീത പരിപാടികൾ നടക്കുന്ന പബുകളായിരുന്നു ലക്ഷ്യം. സ്ഥലങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനും സൂര്യവംശി തെൻറ ബൈക്ക് നൽകിയതായി എ.ടി.എസ് പറഞ്ഞു. നേരന്ദ്ര ദാഭോൽകറെ കൊലപ്പെടുത്തിയ കേസിലും സൂര്യവംശിക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
