ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 10,000 രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര
text_fieldsമുംബൈ: 65 വയസ്സായ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 10,000 രൂപ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹിക സുരക്ഷയും ആനുകൂല്യങ്ങളും നൽകുന്നതിനായി മഹാരാഷ്ട്ര സർക്കാർ സ്ഥാപിച്ച ഓട്ടോ, ടാക്സി ഡ്രൈവർ ക്ഷേമ ബോർഡ് വഴിയാണ് ധനസഹായം നൽകുക. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഡ്രൈവർമാർക്ക് ഇത് ലഭ്യമാകും.
വ്യാഴാഴ്ച മുംബൈയിൽ നടന്ന മഹാരാഷ്ട്ര ഓട്ടോ റിക്ഷാ ആൻഡ് മീറ്റർ ടാക്സി ഡ്രൈവർ വെൽഫെയർ ബോർഡിന്റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ദിഘെ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 27 നാണ് ബോർഡ് ഔദ്യോഗികമായി സ്ഥാപിതമായത്.
ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ 50 കോടി രൂപ ഫണ്ട് നൽകിയതായി ഗതാഗത മന്ത്രി പ്രതാപ് സർനായക് പറഞ്ഞു. ബോർഡിൽ അംഗത്വം ലഭിക്കാൻ ഡ്രൈവർമാർ 500 രൂപ നൽകണം. കൂടാതെ വർഷം തോറും 300 രൂപയും നൽകണം. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.
യോഗ്യരായ ഡ്രൈവർമാർക്കായി കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. ആരോഗ്യ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് എന്നിവയും ഇതിൽ ഉൾപ്പെടും. മികച്ച റിക്ഷാ, ടാക്സി ഡ്രൈവർമാർക്കും മാതൃകാ സംഘടനകൾ, മികച്ച റിക്ഷാ സ്റ്റാൻഡുകൾ എന്നിവക്കും അവാർഡ് ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

