മുംബൈ: മുഖ്യമന്ത്രി പദത്തിലും ‘50:50 സമവാക്യം‘ പാലിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചതോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യ സര്‍ക്കാര്‍ രൂപവത്കരണം വീണ്ടും പ്രതിസന്ധിയിൽ.
‘50:50 സമവാക്യം’ അമിത് ഷാ സേനക്ക് ഉറപ്പുനല്കിയിട്ടില്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ പ്രസ്താവന തള്ളിയ ഉദ്ധവ് ഇനി അതിനെക്കുറിച്ച് വ്യക്തത വന്നിട്ടു മതി സഖ്യ ചര്‍ച്ചയെന്ന് വ്യക്തമാക്കി. ഇതിനിടയിൽ സേന നേതാവ് സഞ്ജയ് റാവുത്ത് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടത് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. ദീപാവലി ആശംസയുമായാണ് പവാറിനെ കണ്ടതെന്നും രാഷ്ട്രീയ ചർച്ച ഉണ്ടായില്ലെന്നുമാണ് റാവുത്ത് പറഞ്ഞത്.
വ്യാഴാഴ്ച നടന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തിലാണ് ഉദ്ധവ് നിലപാട് കടുപ്പിച്ചത്. കണ്ണുവെച്ച പ്രധാന വകുപ്പുകള്‍ ബി.ജെ.പി തങ്ങള്‍ക്കായി മാറ്റിവെച്ച പട്ടികയില്‍ ഇല്ലെന്നതാണ് സേനയെ ചൊടിപ്പിച്ചതെന്നാണ് സൂചന. റവന്യൂ, നഗരവികസനം തുടങ്ങിയ വകുപ്പുകളിലായിരുന്നു നോട്ടം. എന്നാല്‍, ധനകാര്യം, കൃഷി തുടങ്ങിയ വകുപ്പുകളാണ് മാറ്റിവെച്ചത്. ബുധനാഴ്ച സേന നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍, ബി.ജെ.പിക്ക് വഴങ്ങി എന്നത് അഭ്യൂഹം മാത്രമാണെന്ന് പറഞ്ഞ് പാര്‍ട്ടി പത്രം ‘സാമ്ന’ മുഖപ്രസംഗം എഴുതി.
ഇതിനിടയില്‍, സേന ഭവനില്‍ നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഏക്നാഥ് ഷിൻഡെയെ പാർട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ആദിത്യ താക്കറെയാണ് ഷിൻഡെയുടെ പേര് നിര്‍ദേശിച്ചത്. സുനില്‍ പ്രഭുവിനെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു. ആദിത്യ നിയമസഭ കക്ഷി നേതാവാകും എന്നാണ് കരുതിയിരുന്നത്.