സനാതന പാരമ്പര്യം അംഗീകരിക്കുന്ന മുസ്‌ലിംകൾക്കും കുംഭമേളയിലേക്ക് സ്വാഗതം -യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: സനാതന പാരമ്പര്യം അംഗീകരിക്കുന്ന മുസ്‌ലിംകളേയും പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത്തരം ആളുകൾ നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ തെറ്റായ ഉദ്ദേശ്യത്തോടെ വരുന്നവരെ കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പുകളും നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കുംഭമേള നടക്കുന്ന പ്രദേശത്തേക്ക് മുസ്‌ലിംകൾ കടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സന്യാസി ഗ്രൂപ്പായ അഖാഡ പരിഷദ് രംഗത്ത് വന്നിരുന്നു. ഇതിൽ വിവാദമുയർന്ന പശ്ചാത്തലത്തിലാണ് യോഗിയുടെ പരാമർശം.
“സനാതന പാരമ്പര്യം അംഗീകരിക്കുകയും, തങ്ങളുടെ സ്വത്വം ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിനേയും മഹാകുംഭമേളയിലേക്ക് സ്വാഗതം ചെയ്യുന്നു. സമ്മർദ ഫലമായാണ് തങ്ങളുടെ പൂർവികർ ഇസ്‌ലാം മതം സ്വീകരിച്ചതെന്നും തങ്ങളുടെ പൂർവ ഗോത്രം ഇന്ത്യൻ പാരമ്പര്യത്തിൽ അധിഷ്ഠിതമാണെന്നും വിശ്വസിക്കുന്നവർക്ക് കുഭമേളയിൽ പങ്കെടുക്കാം. അത്തരം ആളുകൾ നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ തെറ്റായ ഉദ്ദേശ്യത്തോടെ വരുന്നവരെ കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്” -യോഗി പറഞ്ഞു.
നേരത്തെ മുസ്‌ലിംകളെ മേളയിൽനിന്ന് ഒഴിവാക്കണമെന്ന അഖാഡ പരിഷദിന്റെ ആവശ്യം വിവാദമായിരുന്നു. ആത്മീയ കാര്യങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കണമെന്ന് വാദിച്ച് മുസ്‌ലിം പുരോഹിതർ പരിഷദിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം മന്ദിർ -മസ്ജിദ് വിവാദത്തിലും യോഗി പ്രതികരിച്ചിരുന്നു. പൈതൃകം തിരിച്ചുപിടിക്കുന്നതിൽ തെറ്റില്ലെന്നാണ് ആജ് തക്കിന്റെ ധർമ സൻസദ് പരിപാടിയിൽ യോഗിയുടെ പ്രതികരണം. മഹാ കുംഭമേള നടക്കുന്ന സ്ഥലം വഖഫ് സ്വത്തായിരുന്നുവെന്ന അവകാശവാദത്തെയും യു.പി മുഖ്യമന്ത്രി തള്ളി.
“പൈതൃകം തിരിച്ചുപിടിക്കുന്നത് ഒരു മോശം കാര്യമല്ല. സനാതനത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത്. തർക്ക മന്ദിരങ്ങളെ ഒരിക്കലും മസ്ജിദ് എന്ന് വിളിക്കരുത്. മുസ്‌ലിം ലീഗിന്റെ ഇംഗിതമനുസരിച്ച് ഇന്ത്യ ഭരിക്കാനാകില്ല” -യോഗി പറഞ്ഞു. മന്ദിർ -മസ്ജിദ് വിവാദം എല്ലായിടത്തും ഉയർത്തുന്നതിൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആശങ്കയറിയിച്ച് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് യോഗിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.