ആശയക്കുഴപ്പം ഏതാനും സീറ്റുകളിൽ മാത്രം; മഹാഗഡ്ബന്ധനിൽ സീറ്റ് വിഭജനം അവസാന ഘട്ടത്തിൽ
text_fieldsതേജസ്വി യാദവ്
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സീറ്റ് വിഭജനം അവസാനഘട്ടത്തിലെന്ന് ഇന്ത്യ സഖ്യം. ആദ്യ ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ സമയപരിധി അവസാനിച്ചിരുന്നു. ഇനി രണ്ടാംഘട്ട വോട്ടെടുപ്പിലേക്കാണ് സ്ഥാനാർഥികളെ നാമനിർദേശം ചെയ്യേണ്ടത്. സീറ്റുകൾ സംബന്ധിച്ച് പ്രതിപക്ഷം ധാരണയിലെത്തിയതായി ആർ.ജെ.ഡി പറഞ്ഞു. സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയായെന്നും കുറച്ച് സീറ്റുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിച്ച് ഉടൻ പ്രഖ്യാപിക്കുമെന്നും ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് തിവാരി വ്യക്തമാക്കി.
സഖ്യത്തിലെ സീറ്റ് വിഭജനം അനന്തമായി നീളുകയാണെന്നായിരുന്നു എൻ.ഡി.എ സഖ്യത്തിന്റെ പരിഹാസം. എൻ.ഡി.എ അവരുടെ അഞ്ച് സഖ്യകക്ഷികളെയും ബഹുമാനിക്കുകയും ചർച്ച പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തുവെന്നായിരുന്നു സഖ്യകക്ഷിയായ എൽ.ജെ.പി-റാം വിലാസ് നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞത്. മഹാഗഡ്ബന്ധനിലെ പോലെ തങ്ങൾക്ക് ഒരു ആശയക്കുഴപ്പവുമില്ലെന്നും 243 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചുവെന്നും പ്രചാരണവും തുടങ്ങിയെന്നും പാസ്വാൻ ചൂണ്ടിക്കാട്ടി.
എന്നാൽ മഹാഗഡ് ബന്ധൻ ജനങ്ങളുടെ സഖ്യമാണെന്നായിരുന്നു തിവാരിയുടെ മറുപടി. തേജസ്വി യാദവിന്റെ പേരിലാണ് എല്ലാ സ്ഥാനാർഥികളും വോട്ട് തേടുന്നത്. സഖ്യം അചഞ്ചലമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ(എം.എൽ-എൽ), സി.പി.എം, സി.പി.ഐ, വികാസ്ശീൽ ഇൻസാൻ പാർട്ടി എന്നിവയടങ്ങുന്നതാണ് മഹാഗഡ്ബന്ധൻ സഖ്യം. നിരവധി മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചു. എല്ലാ സ്ഥാനാർഥികളുടെയും പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് തിവാരി പറഞ്ഞത്.
ബിഹാറിൽ 243 അംഗ നിയമസഭയിലേക്ക് നവംബർ ആറിനും 11നുമാണ് വോട്ടെടുപ്പ്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
എൻ.ഡി.എയുടെ പരിഹാസത്തിന് ശക്തമായ മറുപടിയുമായി നേരത്തേയും ഇൻഡ്യ സഖ്യം രംഗത്തുവന്നിരുന്നു. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു)നേതാവുമായ നിതീഷ് കുമാറിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് മറുപടി നൽകിയത്. ജെ.ഡി(യു) വിന് ലഭിക്കുന്ന വോട്ടുകൾ ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റാവുകയെന്നും നിതീഷ് കുമാർ വെറും റിമോട്ട് കൺട്രോൾ മുഖ്യമന്ത്രിയാണെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

