അന്തിമ സീറ്റ് വിഭജനമായില്ല; ‘ഇൻഡ്യ’യിൽ ആശയക്കുഴപ്പം, 48 പേരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
text_fieldsതേജസ്വി യാദവ്
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴും ഇൻഡ്യ സഖ്യത്തിൽ (മഹാസഖ്യം) ആശയക്കുഴപ്പം ബാക്കി. ആദ്യഘട്ടത്തിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയായിരുന്നു. ആർ.ജെ.ഡിയുമായടക്കം സീറ്റ് വിഭജനം പൂർത്തിയായില്ലെങ്കിലും കഴിഞ്ഞ ദിവസം രാത്രി വൈകി കോൺഗ്രസ് 48 പേരുടെ പട്ടിക പുറത്തുവിടുകയായിരുന്നു. പി.സി.സി പ്രസിഡന്റ് രാജേഷ് റാം അടക്കം മത്സരിക്കുന്നുണ്ട്. 61 സീറ്റുകൾ കോൺഗ്രസിന് നൽകാൻ ആർ.ജെ.ഡി സമ്മതിച്ചതായാണ് സൂചന. രണ്ടാം ഘട്ടത്തിലേക്കുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ തിങ്കളാഴ്ചക്കകം ചിത്രം തെളിയേണ്ടതുണ്ട്.
അതിനിടെ, ബച്ച്വാര മണ്ഡലത്തിൽ കോൺഗ്രസും സി.പി.ഐയും പത്രിക നൽകിയതോടെ സഖ്യത്തിൽ ‘സൗഹൃദ മത്സര’ത്തിന് കളമൊരുങ്ങി. സി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. നിഷാദ് സമുദായത്തിൽ സ്വാധീനമുള്ള വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ സമുന്നത നേതാവ് മുകേഷ് സഹാനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഇൻഡ്യ സഖ്യത്തിൽ കല്ലുകടി വർധിപ്പിച്ചു. ആർ.ജെ.ഡി മതിയായ സീറ്റുകൾ നൽകാതെ ഒതുക്കുന്നുവെന്നാണ് സഹാനിയുടെ പരാതി. തനിക്ക് പകരം സഹോദരൻ മത്സരിക്കുമെന്നാണ് സഹാനി പറയുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ സഖ്യത്തിൽ നിന്നെത്തിയ സഹാനി ഇത്തവണ 60 സീറ്റാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 40ഉം 20ഉം ആയി ആവശ്യം കുറച്ചു. ഒടുവിൽ 15 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ചോദിച്ചു. 12 സീറ്റിനപ്പുറം നൽകാനാകില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വ യാദവും കടുപ്പിച്ചതോടെ സഹാനി കഴിഞ്ഞ ദിവസം സഖ്യം വിടാൻ ഒരുങ്ങിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ അദ്ദേഹം അൽപം തണുത്തെന്നാണ് റിപ്പോർട്ടുകൾ. ഇൻഡ്യ സഖ്യത്തിലെ സീറ്റ് വിഭജനകാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ പറഞ്ഞു.
പ്രചാരണത്തിൽ സജീവമായി എൻ.ഡി.എ
പട്ന: ബിഹാറിൽ ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം വൈകുമ്പോൾ, തർക്കങ്ങൾ ഏറെക്കുറെ പരിഹരിച്ച് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമായി എൻ.ഡി.എ. മത്സരിക്കുന്ന 101 സീറ്റുകളിൽ ബാക്കിയുള്ള 44 എണ്ണത്തിലെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പതിവുപോലെ പിന്നാക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകിയുള്ള പട്ടികയാണ് ജെ.ഡി.യുവിന്റേത്. 74 സ്ഥാനാർഥികൾ പിന്നാക്കക്കാരാണ്. നിതീഷിന്റെ പ്രധാന വോട്ട്ബാങ്കായ കുർമി-കുഷ്വാഹ സമുദായത്തിൽനിന്ന് 25 പേരുണ്ട്. നാല് മുസ്ലിംകൾ മാത്രമാണുള്ളത്. 22 പേർ ഉന്നത ജാതിക്കാരാണ്. ഒരാൾ പട്ടിക വർഗക്കാരനും.
101 സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി ബാക്കിയുള്ള 18 പേരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമിത് ഷായുടെനേതൃത്വത്തിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടി. ചിരാഗ് പസ്വാന്റെ എൽ.ജെ.പി (രാംവിലാസ്) 29ഉം ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മും ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എമ്മും ആറ്വീതം സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
അതിനിടെ, ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി പത്രിക സമർപ്പിച്ചതിന് പിന്നാലെ സത്യവാങ്മൂലത്തിലെ പ്രായവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച് വിവാദമുയർന്നു. ചൗധരിക്ക് 56 വയസ്സുണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാൽ, ഇതിന് തെളിവേകുന്ന രേഖകൾ ഹാജരാക്കിയിട്ടില്ല. വിദ്യാഭ്യാസ യോഗ്യതയും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

