Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്രാസ് റെജിമെന്റ് ആയുധമോഷണം: നാല് സൈനികർ കൂടി നിരീക്ഷണത്തിൽ

text_fields
bookmark_border
മദ്രാസ് റെജിമെന്റ് ആയുധമോഷണം: നാല് സൈനികർ കൂടി നിരീക്ഷണത്തിൽ
cancel

ഹൈദരാബാദ്: സെക്കന്തരാബാദ് കന്റോൺമെന്റിലെ ബൊളാറം മദ്രാസ് റെജിമെന്റ് ആയുധശേഖരത്തിൽനിന്ന് തോക്കുകളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപകമാകുന്നു. മോഷണത്തിന് മുമ്പ് ആയുധശേഖരത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നാല് സൈനികരിൽനിന്ന് ലഭിച്ചിരുന്നുവെന്ന പ്രധാന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് സൈനികരെയും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

മദ്രാസ് റെജിമെന്റിന്റെ 20-ാം ബറ്റാലിയനിലെ 16 വർഷത്തെ സൈനിക സേവനമനുഷ്ടിച്ച മുൻ ഹവിൽദാർ ഉപ്പുത്തൊള്ള മല്ലേഷ് (37) ആണ് കേസിലെ പ്രധാന പ്രതി. സെപ്റ്റംബർ 11നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി ചോദ്യം ചെയ്യലിൽ, “ബറ്റാലിയന്റെ വെടിക്കോപ്പ് സംഭരണശാലയുടെ ചുമതല നിർവഹിച്ചിരുന്ന നാല് മുൻ സഹപ്രവർത്തകരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് മല്ലേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ആയുധശേഖരത്തിലെ സി.സി.ടി.വി കാമറകൾ രാത്രി എട്ടിന് ഓഫ് ചെയ്യാറുണ്ടെന്നും ഞായറാഴ്ചകളിൽ കാവൽ കുറവായിരിക്കുമെന്നും ഇവരിൽനിന്ന് വിവരം ലഭിച്ചതായാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 30ന് രാത്രി മോഷണം നടത്താൻ പദ്ധതിയിട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

രാത്രി 11 മണിയോടെ ആയുധശേഖരത്തിലെത്തിയ മല്ലേഷ് ഇരുമ്പ് വടി ഉപയോഗിച്ച് പൂട്ടുകൾ തകർത്തു. തുടർന്ന് 90 മിനിറ്റിലധികം സമയം ചെലവഴിച്ച് ആയുധങ്ങളും വെടിയുണ്ടകളും ചാക്കുകളിലാക്കി സ്കൂട്ടറിൽ രണ്ട് തവണയായി മാറ്റിയെന്നാണ് പോലീസ് പറയുന്നത്.

ഓഗസ്റ്റ് 31 രാവിലെയാണ് ആയുധശേഖരത്തിന്റെയും ബറ്റാലിയൻ മാഗസിന്റെയും പൂട്ടുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. നാല് എകെ-203 റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ഏഴ് പിസ്റ്റളുകൾ, മാഗസിനുകൾ, നൈറ്റ് വിഷൻ ഉപകരണം, 1,800ലധികം വെടിയുണ്ടകൾ എന്നിവയാണ് കാണാതായത്.

മല്ലേഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മോഷണം പോയ ആയുധങ്ങളും വെടിയുണ്ടകളും മുഴുവൻ കണ്ടെത്തി. നാഗർകുർണൂൽ ജില്ലയിലെ അച്ചംപേട്ടിലുള്ള പിതാവിന്റെ സ്ഥലത്തെ കുഴിയിൽ നിന്നാണ് ഭൂരിഭാഗവും കണ്ടെടുത്തത്. ഒരു 9 എംഎം പിസ്റ്റളും 10 വെടിയുണ്ടകളും ജവഹർനഗറിന് സമീപത്തെ വാടകവീട്ടിൽനിന്നും കണ്ടെത്തി. ഇവ വിൽപ്പനക്കായി മാറ്റിവെച്ചതായാണ് പൊലീസ് പറയുന്നത്.

ആരോഗ്യപ്രശ്നങ്ങളും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി നേരത്തെ മല്ലേഷിനെ സൈനികസേവനത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു. മൂന്ന് വർഷം കൂടി സേവനത്തിൽ തുടരാനായിരുന്നു ഇയാളുടെ ആഗ്രഹമെന്ന് പൊലീസ് പറയുന്നു. പിരിച്ചുവിട്ടതിൽ അസംതൃപ്തനായ ഇയാൾ മേലുദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും നഷ്ടപ്പെട്ട വരുമാനം ആയുധങ്ങൾ വിറ്റ് തിരിച്ചുപിടിക്കുന്നതിനുമാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.

മല്ലേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് സൈനികർ മോഷണത്തിന് നേരിട്ട് സഹായം നൽകിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സൂചന.

മൽകാജ്ഗിരി പോലീസ്, ഹൈദരാബാദ് ടാസ്‌ക് ഫോഴ്സ്, മിലിട്ടറി ഇന്റലിജൻസ്, സ്റ്റേറ്റ് ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അതേസമയം, ആയുധശേഖരത്തിലെ സുരക്ഷാ വീഴ്ചകൾ പരിശോധിക്കാൻ സൈന്യം പ്രത്യേക കോർട്ട് ഓഫ് എൻക്വയറിയും പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി സി.സി.ടി.വി കാമറകൾ ഓഫ് ചെയ്യുന്നത്, ആയുധശേഖരത്തിലെ രേഖകൾ സൂക്ഷിക്കുന്ന രീതി, കാവൽക്കാരുടെ വീഴ്ച എന്നിവയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. സംഭവത്തിന് പിന്നിൽ ഭീകരവാദം, ചാരപ്രവർത്തനം, സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ബന്ധം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആയുധമോഷണത്തിന് അകത്തുനിന്ന് സഹായം ലഭിച്ചോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madras Regiment weapons theft: Four more soldiers under observation
Next Story