ഭഗവത് ഗീതയും വേദാന്തവും യോഗയും മതപരമല്ലെന്ന് മദ്രാസ് ഹൈകോടതി; ആഭ്യന്തരമന്ത്രാലയ ഉത്തരവ് തള്ളി
text_fieldsചെന്നൈ: ഭഗവത്ഗീത ധർമശാസ്ത്രമാണെന്നും പരിശുദ്ധമായ മതഗ്രന്ഥം എന്നതിലുപരി അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും മദ്രാസ് ഹൈകോടതി. മുൻകൂർ അനുമതിയില്ലാതെ വിദേശ സംഭാവന ഫണ്ടുകളുടെ അടിസ്ഥാനത്തിൽ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ നിരസിച്ച വിദേശ സംഭാവന(നിയന്ത്രണ) നിയമ(എഫ്.സി.ആർ.എ) പ്രകാരമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ആർഷ വിദ്യാ പരമ്പര ട്രസ്റ്റ് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ നിരീക്ഷണം.
ഭഗവത്ഗീത ഒരു മതഗ്രന്ഥമല്ല, മറിച്ച് ധർമശാസ്ത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭഗവത്ഗീതക്ക് ബാധകമാകുന്ന കാര്യങ്ങൾ വേദാന്തത്തിനും ബാധകമാണ്. അത് നമ്മുടെ പൂർവികർ വികസിപ്പിച്ചെടുത്ത ശുദ്ധമായ തത്വചിന്തയെ പ്രതിനിധീകരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. യോഗ എന്നത് സാർവത്രികമായ ഒന്നാണ്. മതത്തിന്റെ പ്രിസത്തിലൂടെ അതിനെ കാണുന്നത് ക്രൂരമായിരിക്കും. അപേക്ഷകനെ ഒരു മതസംഘടനയിൽ പെട്ടയാളായി കാണുന്നു എന്ന് വാദിക്കുന്നതിലൂടെ അതോറിറ്റി വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡം പാലിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2021ലാണ് ട്രസ്റ്റ് രജിസ്ട്രേഷനായ അപേക്ഷ നൽകിയത്. എന്നാൽ 2024 ഒക്ടോബറിൽ മാത്രമാണ് അത് പരിഗണിക്കാനുള്ള നടപടികൾ തുടങ്ങിയതെന്നും അധികാരികൾ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അത് നല്ല ഭരണത്തിന്റെ പ്രാഥമിക തത്വമാണെന്നും കോടതി ഓർമപ്പെടുത്തി.
2021 സെപ്റ്റംബറിൽ എഫ്.സി.ആർ.എ നിയമ പ്രകാരമുള്ള രജിസ്ട്രേഷനുള്ള അപേക്ഷക്കെതിരെ പാസാക്കിയ ഉത്തരവിനെതിരെ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ആർഷ വിദ്യാ പരമ്പര ട്രസ്റ്റ് ഹരജി ഫയൽ ചെയ്തിരുന്നു.
പ്രധാനമായും രണ്ട് കാരണങ്ങൾ പറഞ്ഞാണ് എഫ്.സി.ആർ.എ ട്രസ്റ്റിന്റെ അപേക്ഷ നിരസിച്ചത്. മതിയായ അനുമതിയില്ലാതെ ഹരജിക്കാരന് വിദേശ സംഭാവന ഫണ്ടുകൾ ലഭിക്കുന്നുണ്ട് എന്നായിരുന്നു അതിലൊന്ന്. ഈ വിദേശ സംഭാവന ഫണ്ടുകൾ മറ്റൊരു സംഘടനക്ക് സംഭാവനയായി കൈമാറ്റം ചെയ്തിട്ടുമുണ്ട്. സംഘടന മതപരമായ സ്വാഭാവത്തിലുള്ളതാണ് എന്നതായിരുന്നു രണ്ടാമത്തെ കാരണം.
തുടർന്ന് ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടാനും തടസ്സപ്പെട്ട ഉത്തരവ് മാറ്റിവെക്കാനും നിയമപ്രകാരമുള്ള രജിസ്ട്രേഷനുള്ള അപേക്ഷ അംഗീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകാനും ആവശ്യപ്പെട്ട് ട്രസ്റ്റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ നീതിയുക്തമായ നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.ഹരജി പരിഗണിക്കവെ, സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

