തിരുപ്പറകുൺറം ദർഗയിൽ ചന്ദനക്കുടത്തിന് വിലക്കില്ലെന്ന് മദ്രാസ് ഹൈകോടതി; സംഘ്പരിവാരിന്റെ ഹരജി തള്ളി
text_fieldsചെന്നൈ: തിരുപ്പറകുൺറം മലമുകളിലെ സിക്കന്ദർ ബാദുഷ ദർഗയിലെ ചന്ദനക്കുട മഹോത്സവത്തിന് വിലക്കില്ലെന്ന് മദ്രാസ് ഹൈകോടതി മധുര ബെഞ്ച്. ഒരാഴ്ച മുമ്പ് ചന്ദനക്കുട ഉത്സവത്തിന് അനുമതി നൽകി തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു.
തുടർന്നാണ് സംഘ്പരിവാർ പ്രവർത്തകനായ മാണിക്കമൂർത്തി ഉത്സവത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്. ചന്ദനക്കുട ഉത്സവത്തോടനുബന്ധിച്ച് ‘കന്തൂരി’ എന്നറിയപ്പെടുന്ന ബലിദാന ചടങ്ങിന് നേരത്തെ മധുര ഹൈകോടതി ബെഞ്ച് വിലക്കിയിരുന്നതായും ആയതിനാൽ ഉത്സവത്തിനും വിലക്കേർപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. ഡിസംബർ 22 മുതൽ ജനുവരി ഒമ്പത് വരെയാണ് ചന്ദനക്കുട ഉത്സവം.
ഇതിനിടെ തിരുപ്പറങ്കുണ്ട്രം മലമുകളിലെ കൽത്തൂൺ നിർമിച്ചത് ജൈന സന്യാസികളാണെന്നും ഹിന്ദുവിഭാഗത്തിന് അവകാശമില്ലെന്നും സർക്കാർ കഴിഞ്ഞയാഴ്ച ഹൈകോടതിയിൽ വാദിച്ചിരുന്നു. ഉത്തർപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ജൈനന്മാർ കർണാടകയിലേക്കും പിന്നീട് മധുരയിലേക്കും വന്നതായി രേഖകൾ ഉണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കുന്നുകളിൽ താമസിച്ചിരുന്ന ‘ദിഗംബര’ വിഭാഗത്തിൽ പെട്ട സന്യാസിമാർ രാത്രികാലങ്ങളിൽ വിളക്കുകൾ കത്തിക്കാൻ ഉപയോഗിച്ചിരുന്നതാണ് ഈ കൽത്തൂണുകളെന്നും അഭിഭാഷകൻ പറഞ്ഞു.
തിരുപ്പറങ്കുണ്ട്രം കുന്നിന് മുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മാനേജ്മെന്റിന് നിർദ്ദേശം നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന അപ്പീലുകൾ ജസ്റ്റിസുമാരായ ജി. ജയചന്ദ്രന് , കെ.കെ. രാമകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.
നേരത്തെ, കാർത്തിക ദീപം ചടങ്ങിന്റെ ഭാഗമായി തിരുപ്പറങ്കുണ്ട്രം മലമുകളിൽ ദീപം തെളിക്കാൻ അനുമതി നൽകാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭാരവാഹികളോട് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ നിർദേശിച്ചിരുന്നു. ചില ഹിന്ദു സംഘടനകൾ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി.
ഡിസംബർ മൂന്നിന് വൈകീട്ട് ആറിന് മുമ്പ് ദീപം തെളിക്കാനായിരുന്നു അനുമതി. എന്നാൽ, കീഴ്‌വഴക്ക പ്രകാരം മലക്ക് താഴെ ദീപം തെളിക്കാമെന്നും ദർഗ കൂടി നിലനിൽക്കുന്ന മലയുടെ മുകളിൽ ദീപം തെളിക്കുന്നത് അനുവദിക്കാനാവില്ലെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. ഇതിനെതിരെ പരാതിക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 10 പേരടങ്ങുന്ന സംഘത്തിന് മലമുകളിൽ പോയി ദീപം തെളിക്കാൻ ജഡ്ജി അനുമതി നൽകി. എന്നാൽ വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ദീപം തെളിക്കാൻ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. തുടർന്ന്, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

