ഒരു വോട്ടിന്റെ ഭൂരിപക്ഷം, വോട്ടുമാറിയെന്ന് പരാതി; ടി.വി.കെ എം.എൽ.എക്ക് സഭാ നടപടികളിൽ വിലക്ക്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ടി.വി.കെ എം.എൽ.എ ശ്രീനിവാസ സേതുപതിയെ മദ്രാസ് ഹൈകോടതി തടഞ്ഞു. തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയത്തെ ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർഥി ആർ. പെരിയകറുപ്പൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണ്ണായകമായ ഇടക്കാല ഉത്തരവ്.
നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് കോടതി നടപടി. ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശിവഗംഗ ജില്ലയിലെ 185-ാം നമ്പർ തിരുപ്പത്തൂർ മണ്ഡലത്തിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു തപാൽ വോട്ട് പേരുസാമ്യമുള്ള തിരുപ്പത്തൂർ ജില്ലയിലെ 50-ാം നമ്പർ മണ്ഡലത്തിലേക്ക് മാറി അയച്ചുവെന്നാണ് മുൻ മന്ത്രി കൂടിയായ പെരിയകറുപ്പന്റെ ആരോപണം. ഈ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് താൻ പരാജയപ്പെട്ടതെന്നും പെരിയകറുപ്പൻ വാദിച്ചു.
ഹരജിക്കാരൻ ഉന്നയിച്ച കാര്യങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ അന്തിമ തീരുമാനം വരുന്നത് വരെ വിശ്വാസ വോട്ടെടുപ്പിലോ മറ്റ് നിയമസഭാ നടപടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് സേതുപതിയെ വിലക്കി. എന്നാൽ ഈ ഉത്തരവ് അദ്ദേഹത്തിന്റെ വിജയം റദ്ദാക്കലോ സ്ഥിരീകരിക്കലോ അല്ലെന്നും കോടതി വ്യക്തമാക്കി.
ഒരേ പേരുള്ള രണ്ട് മണ്ഡലങ്ങൾ ഉള്ളതിനാൽ വോട്ട് മാറിപ്പോയത് അസാധാരണമായ സാഹചര്യമാണെന്നും, ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ച് കോടതിക്ക് ഇതിൽ ഇടപെടാൻ അധികാരമുണ്ടെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഹരജി അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ വിജയത്തെ ചോദ്യം ചെയ്യാൻ സാധിക്കൂ എന്ന് ടി.വി.കെ സ്ഥാനാർഥിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചു.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കമ്മീഷന് അധികാരമില്ലെന്നും പരാതിക്കാരൻ ഉന്നയിക്കുന്ന കാര്യങ്ങൾ അസാധ്യമാണെന്നുമാണ് കമ്മീഷൻ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് നടപടികളുടെ വിഡിയോ ദൃശ്യങ്ങളും തപാൽ വോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

