തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ബലിപെരുന്നാളിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈകോടതി. തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ് കോടതി. ബലിപെരുന്നാളിനും മാത്രമല്ല ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരിക്കയാണ്.
പാൽ ഉൽപാദനത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടി 1976 ആഗസ്റ്റ് 30-ന് ഗോവധം നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് ബലിപെരുന്നാൾ ദിനത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് മദ്രാസ് ഹൈകോടതി നിർദ്ദേശിച്ചിരിക്കുന്നത്. 2020 ജൂലൈ 30-ന് ഹൈകോടതി പുറപ്പെടുവിച്ച മുൻ ഡിവിഷൻ ബെഞ്ച് ഉത്തരവും, ഗോവധം സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാനം പുറപ്പെടുവിച്ച 1976-ലെ സർക്കാർ ഉത്തരവും കോടതി പരാമർശിച്ചു.
പൊതുസ്ഥലങ്ങളിൽ പശുക്കളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിയും ഹിന്ദു മക്കൾ കക്ഷി യുവജന വിഭാഗം സെക്രട്ടറിയുമായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ബലിപെരുന്നാൾ ദിനത്തിൽ അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിരവധി സംസ്ഥാനങ്ങൾ ഗോവധം നിരോധിച്ചിട്ടുണ്ട്. അത് കോടതികളും ശരിവച്ചിട്ടുണ്ട്. ഇത്തരം വാദങ്ങൾ ഉയർത്തിയാണ് ഹരജിക്കാരനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി ഉത്തരവിറക്കുന്നത്. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈകോടതിയുടേത് അസാധാരണ നടപടിയാണെന്നാണ് പൊതുവിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

