Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജനാധിപത്യത്തോടുള്ള പരിഹാസം'; എം.എൽ.എമാർ രാജിവെച്ച് വീണ്ടും ജനവിധി തേടുന്നതിനെതിരെ മദ്രാസ് ഹൈകോടതി

text_fields
bookmark_border
Madras Highcourt
cancel
camera_alt

മദ്രാസ് ഹൈകോടതി

ചെന്നൈ: തെരഞ്ഞെടുക്കപ്പെട്ട് അധികം വൈകാതെ എം.എൽ.എ സ്ഥാനം രാജിവെക്കുകയും, പാർട്ടി മാറി അതേ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുകയും ചെയ്യുന്ന പ്രവണതയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈകോടതി. ഇത്തരം നടപടികൾ 'ജനാധിപത്യത്തോടുള്ള പരിഹാസമാണെന്നും' വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. എ.ഐ.എ.ഡി.എം.കെ (AIADMK) വിട്ട് ഭരണകക്ഷിയായ ടി.വി.കെയിൽ (TVK) ചേർന്ന മുൻ എം.എൽ.എമാരായ മരഗതം കുമാരവേൽ (മധുരാന്തകം), പി. സത്യഭാമ (ധാരാപുരം) എന്നിവരെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ടി.വി.കെ അതേ മണ്ഡലങ്ങളിൽ വീണ്ടും സ്ഥാനാർഥികളാക്കിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം.

ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, കെ. ഗോവിന്ദരാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എമാർ തെരഞ്ഞെടുക്കപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

'തെരഞ്ഞെടുക്കപ്പെട്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ രാജിവെക്കുകയും അതേ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിലവിൽ കൃത്യമായ മാർഗനിർദേശങ്ങളില്ല. അതിനാൽ വിഷയം പരിശോധിച്ച് ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണമെന്ന്' കോടതി നിർദേശിച്ചു.

രാഷ്ട്രീയ കാരണങ്ങളാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടൻ തന്നെയുള്ള ഇത്തരം രാജികൾ ഉപതെരഞ്ഞെടുപ്പുകളിലേക്ക് നയിക്കുകയും, ഇത് നികുതിദായകരുടെ മേൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഹരജിക്കാരൻ വാദിച്ചു. കൂടാതെ, ഉപതെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ബാധ്യത രാജിവെച്ച എം.എൽ.എമാരിൽ നിന്ന് തന്നെ ഈടാക്കാൻ കെട്ടിവെക്കുന്ന തുകയുമായി (election deposits) ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേണം. അതൊടൊപ്പം, രാഷ്ട്രീയ കാരണങ്ങളാൽ ഉടൻ രാജിവെക്കുന്ന എം.എൽ.എമാർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് വീണ്ടും മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ നിയമനിർമ്മാണം പരിഗണിക്കണമെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. മധുരാന്തകം, ധാരാപുരം ഉപതെരഞ്ഞെടുപ്പുകൾ സ്റ്റേ ചെയ്യണമെന്നും, മുൻ എം.എൽ.എമാരായ കുമാരവേൽ, സത്യഭാമ എന്നിവരുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷനെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ പശ്ചാത്തലവും വിവാദങ്ങളും

വലിയൊരു രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയിലെത്തിയത്. മുഖ്യമന്ത്രി വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിന് പിന്നാലെ ഒഴിഞ്ഞുകൊടുത്ത തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ ഏഴ് നിയമസഭാ സീറ്റുകളാണ് തമിഴ്നാട്ടിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ കൂട്ടത്തോടെ രാജിവെച്ച് ടി.വി.കെയിൽ ചേർന്നതിനെ തുടർന്നാണ് ബാക്കി ആറ് ഒഴിവുകൾ ഉണ്ടായത്. ഇതിൽ മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അംബാസമുദ്രം, പെരുന്തുറൈ, കരൂർ, വിരാലിമലൈ, തിരുച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഹരജികൾ നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

എം.എൽ.എമാരുടെ ഈ കൂടുമാറ്റം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. നിയമസഭയിൽ സർക്കാരിന്റെ അംഗബലം വർധിപ്പിക്കുന്നതിനായി എം.എൽ.എമാരെ സ്വാധീനിച്ച് രാജിവെപ്പിക്കുകയും വീണ്ടും തെരഞ്ഞെടുപ്പിലൂടെ സഭയിലെത്തിക്കാൻ ടി.വി.കെ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ടി.വി.കെ നേതൃത്വം പൂർണ്ണമായും നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'A mockery of democracy': Madras High Court opposes MLAs resigning and seeking re-election
Next Story