എം.കെ. സ്റ്റാലിന് തിരിച്ചടി; കൊളത്തൂരിൽ ടിവികെ എംഎൽഎയുടെ വിജയം റദ്ദാക്കണമെന്ന ഹരജി മദ്രാസ് ഹൈകോടതി തള്ളി
text_fieldsവി.എസ് ബാബു, എം.കെ സ്റ്റാലിൻ
ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് മദ്രാസ് ഹൈകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വിജയിച്ച തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാലിൻ സമർപ്പിച്ച റിട്ട് ഹരജി മദ്രാസ് ഹൈകോടതി തള്ളി. ഹരജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്. ഇവിഎമ്മുകളിലും വിവിപാറ്റുകളിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, കൗണ്ടിംഗിന് ശേഷമുള്ള പരിശോധനയിൽ 14 മെഷീനുകളിൽ ചിലത് പ്രവർത്തിച്ചില്ലെന്നും സ്റ്റാലിൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. ഇവിഎം പരിശോധന നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 45 ദിവസത്തോളം കാലതാമസം വരുത്തിയെന്നും, ഇതിലൂടെ സാധാരണയായി തിരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്യാനുള്ള സമയം നഷ്ടപ്പെട്ടതിനാൽ കോടതി ഇടപെടണമെന്നുമായിരുന്നു സിബലിന്റെ വാദം.
എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 80, ഭരണഘടനയുടെ ആർട്ടിക്കിൾ 329(ബി) എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ 'ഇലക്ഷൻ പെറ്റീഷൻ' മാത്രമേ അനുവദിക്കാനാകൂ എന്നും, റിട്ട് ഹരജികൾ പരിഗണിക്കാൻ സാധിക്കില്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. റിട്ട് ഹരജിയിലൂടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ തുനിഞ്ഞാൽ അത് തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് വഴിവെക്കുമെന്നും കോടതി വിലയിരുത്തി. തുടർച്ചയായി മൂന്ന് തവണ എംഎൽഎ ആയിരുന്ന സ്വന്തം തട്ടകമായ കൊളത്തൂരിൽ നേരിട്ട പരാജയത്തിനെതിരെ നിയമപോരാട്ടം നടത്തിയ സ്റ്റാലിന് ഹൈകോടതി വിധി വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

