'വിവാഹം പ്രത്യുൽപാദനത്തിന് മാത്രമുള്ളതല്ല'; കുട്ടികളുണ്ടാകാത്തതിന് ഭാര്യയെ മാത്രം പഴിചാരി വിവാഹമോചനം നൽകാനാകില്ലെന്ന് മദ്രാസ് ഹൈകോടതി
text_fieldsമദ്രാസ് ഹൈകോടതി
ചെന്നൈ: ദമ്പതികൾക്ക് കുട്ടികളുണ്ടാകാത്തത് ഒരു ക്രൂരതയായി കണക്കാക്കാനാവില്ലെന്നും, ഗർഭധാരണത്തിന് സാധിക്കാത്തതിന്റെ പേരിൽ മാത്രം ഭാര്യയെ കുറ്റക്കാരിയാക്കി വിവാഹമോചനം അനുവദിക്കാനാകില്ലെന്നും മദ്രാസ് ഹൈകോടതി. വിവാഹജീവിതത്തിൽ ഒരു പങ്കാളിക്ക് കുഞ്ഞുങ്ങളുണ്ടാകാത്തതിനെ ആ വ്യക്തിയുടെ തെറ്റായി ചിത്രീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
'വിവാഹത്തെ പ്രത്യുൽപാദനത്തിനായുള്ള ഒരു കരാറായി മാത്രം ചുരുക്കിക്കാണാനാവില്ല. ദമ്പതികൾക്ക് കുട്ടികളില്ല എന്നതിന്റെ പേരിൽ മാത്രം ഒരു പങ്കാളി ദാമ്പത്യ ബന്ധത്തിൽ പരാജയപ്പെട്ടുവെന്ന് വിധിയെഴുതാൻ കഴിയില്ല,' കോടതി നിരീക്ഷിച്ചു. ക്രൂരത ആരോപിച്ച് ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ ഈ നിർണായക ഉത്തരവ്. തേനി ഫാമിലി കോടതി നേരത്തെ ഭർത്താവിന്റെ വിവാഹമോചന ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.
ആരോപണങ്ങൾ തെളിയിക്കാനായില്ല
2007 ജൂണിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ തുടക്കത്തിലെ ശാന്തമായ ദാമ്പത്യത്തിന് ശേഷം ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നും, വൈകി വരുമ്പോൾ സംശയിക്കുകയും ദാമ്പത്യബന്ധം നിരസിക്കുകയും ചെയ്തുവെന്ന് ഭർത്താവ് ആരോപിച്ചു. 2016 ജൂണിൽ ഭാര്യ തന്നെ പരസ്യമായി ഷണ്ഡൻ എന്ന് വിളിച്ച് അപമാനിച്ചെന്നും, ചെരിപ്പുകൊണ്ടും ചൂലുകൊണ്ടും മർദ്ദിച്ചെന്നും, താലിമാല ഊരിയെറിഞ്ഞ് ചിത്രങ്ങൾ കീറിപ്പറിച്ച് വീടുവിട്ടുപോയെന്നും ഇയാൾ വാദിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയിൽ നിഷേധിച്ചു. തനിക്ക് ഗർഭാശയത്തിൽ ഫൈബ്രോയിഡ് ട്യൂമർ ഉണ്ടായിരുന്നെന്നും, കുട്ടികളുണ്ടാകാനും ദാമ്പത്യം നിലനിർത്താനും വേണ്ടി ശസ്ത്രക്രിയയ്ക്കും കടുത്ത ഫെർട്ടിലിറ്റി ചികിത്സകൾക്കും താൻ സ്വയം വിധേയയായതായും ഭാര്യ വ്യക്തമാക്കി. ഭർത്താവ് ഉന്നയിച്ച മർദ്ദനവും പീഡനവും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന കുടുംബ കോടതിയുടെ കണ്ടെത്തൽ ഹൈകോടതി പൂർണമായും ശരിവെച്ചു. തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഒരുമിച്ചു കൂട്ടിവെച്ചതുകൊണ്ട് മാത്രം അത് ക്രൂരതയായി മാറില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
ഫെർട്ടിലിറ്റി ചികിത്സകൾ ഒരു സ്ത്രീയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന കടുത്ത ആഘാതങ്ങളെ കോടതി വിധിന്യായത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. ഹോർമോൺ കുത്തിവെപ്പുകൾ, ആവർത്തിച്ചുള്ള സ്കാനിംഗുകളും രക്തപരിശോധനകളും, ശാരീരിക അസ്വസ്ഥതകൾ, നിരന്തരമായ ഉത്കണ്ഠ, ഓരോ തവണയും പ്രതീക്ഷയോടെ കാത്തിരുന്ന് ഒടുവിൽ നേരിടുന്ന നിരാശ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
"തന്റെ ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന കടുത്ത വേദനകളും ബുദ്ധിമുട്ടുകളും പൂർണമായി അറിഞ്ഞുകൊണ്ടുതന്നെ, ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും ദാമ്പത്യം നിലനിർത്താനും വേണ്ടി ഒരു സ്ത്രീ ഇത്തരം ചികിത്സകൾക്ക് വീണ്ടും വീണ്ടും തയ്യാറാകുന്നുവെങ്കിൽ, അതിനെ ഒരു കാരണവശാലും ദാമ്പത്യം ഉപേക്ഷിക്കലായോ ഭർത്താവിനോടുള്ള ക്രൂരതയായോ വ്യാഖ്യാനിക്കാൻ കഴിയില്ല. ഭർത്താവിനൊപ്പം ഒരു കുടുംബം പടുത്തുയർത്താൻ വേണ്ടി വേദനാജനകമായ ചികിത്സകൾക്ക് സ്വയം വിധേയയാകുന്ന ഒരു സ്ത്രീയെ ദാമ്പത്യബന്ധം ഉപേക്ഷിച്ചയാളായി ചിത്രീകരിക്കാനാവില്ല."
— ഹൈകോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
കുട്ടികളില്ലാത്തതിന്റെ മാനസിക വിഷമം ദമ്പതികൾ രണ്ടുപേരും ഒരുപോലെ പങ്കിടുമ്പോഴും, ചികിത്സയുടെ ശാരീരിക യാതനകൾ മുഴുവൻ പേറുന്നത് സ്ത്രീ മാത്രമാണ്. ആശുപത്രി ഇടനാഴികളിൽ അവരൊഴുക്കിയ കണ്ണീരും, മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരുന്നപ്പോഴുള്ള നെഞ്ചിടിപ്പും, സഹിച്ച വേദനകളും വെറും വിവാഹമോചന ഹരജികളിലെ ആരോപണങ്ങളാക്കി ചുരുക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
നീണ്ട നാളത്തെ വേർപിരിയൽ കൊണ്ടുമാത്രം വിവാഹം വീണ്ടെടുക്കാനാകാത്തവിധം തകർന്നു എന്ന് പറയാനാകില്ലെന്നും, ഒന്നിച്ച് ജീവിക്കാൻ ഇപ്പോഴും തയ്യാറാണെന്ന ഭാര്യയുടെ നിലപാട് കണക്കിലെടുത്ത് ഭർത്താവിന്റെ അപ്പീൽ തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. കേസിൽ ഭർത്താവിനായി അഡ്വക്കേറ്റ് ആർ. മുരളിയും ഭാര്യയ്ക്കായി അഡ്വക്കേറ്റ് എസ്. വൈഡൂര്യയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

