Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്‌ക്കൊപ്പം പോയ ആറ് എം.എൽ.എമാർക്ക് ആശ്വാസം; അയോഗ്യതാ നടപടിയിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി

text_fields
bookmark_border
വിജയ്‌ക്കൊപ്പം പോയ ആറ് എം.എൽ.എമാർക്ക് ആശ്വാസം; അയോഗ്യതാ നടപടിയിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി
cancel

ചെന്നൈ: വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ തമിഴ്നാട്ടിൽ പാർട്ടി മാറ്റവും എം.എൽ.എമാരുടെ രാജിയും സജീവമാകുകയാണ്. ഇതിനിടെ ടി.വി.കെയിൽ ചേർന്ന ആറ് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുടെ രാജി അംഗീകരിച്ച നടപടി ശരിവെച്ച് മദ്രാസ് ഹൈകോടതി. അതേസമയം, പാർട്ടി വിപ്പ് ലംഘിച്ചെന്ന പരാതിയിൽ ഇവർക്കെതിരായ അയോഗ്യതാ നടപടികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. രാജി അംഗീകരിച്ച സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന്റെ തീരുമാനത്തിനെതിരായ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.

മരഗതം കുമാരവേൽ, സത്യഭാമ, ഇസക്കി സുബ്ബയ്യ, ജയകുമാർ, എം.ആർ. വിജയഭാസ്കർ, സി. വിജയഭാസ്കർ എന്നിവരാണ് രാജിവെച്ച് ടി.വി.കെയിൽ ചേർന്നത്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ഇവരുടെ രാജിയും പാർട്ടി മാറ്റവും.

രാജി അംഗീകരിക്കുന്നതിന് മുമ്പ് സ്പീക്കർ മതിയായ അന്വേഷണം നടത്തിയില്ലെന്നും എം.എൽ.എമാർക്കെതിരായ അയോഗ്യതാ നടപടികൾ നിലനിൽക്കെ രാജി അംഗീകരിച്ചത് ശരിയല്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എ.ഐ.എ.ഡി.എം.കെയുടെ വിപ്പ് ചുമതലയുള്ള അഗ്രി എസ്. കൃഷ്ണമൂർത്തിയും മറ്റുള്ളവരുമാണ് സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

അയോഗ്യതാ നടപടികൾ തുടരും

അതേസമയം, വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെ സർക്കാറിന്‍റെ വിജയത്തിനായി ആറ് എം.എൽ.എമാർ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തെന്നാരോപിച്ചാണ് ഇവർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിച്ചത്. തുടർന്ന് ഇവർ നിയമസഭാംഗത്വം രാജിവെക്കുകയായിരുന്നു.

രാജി സ്വമേധയാ നൽകിയതാണെന്ന് സ്പീക്കർക്ക് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കുന്നതിനായി വിശദമായ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ രാജി അംഗീകരിച്ചതുകൊണ്ട് മാത്രം എം.എൽ.എമാർക്കെതിരായ അയോഗ്യതാ നടപടികൾ അവസാനിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ സ്പീക്കറോട് കോടതി നിർദേശിച്ചിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചെന്ന ആരോപണവും രാജിയുടെ നിയമസാധുതയും രണ്ടായി പരിഗണിക്കണമെന്ന നിലപാടാണ് കോടതിയുടെ ഉത്തരവിൽ വ്യക്തമാകുന്നത്. രാജി അംഗീകരിച്ച നടപടി ശരിവെച്ചപ്പോഴും അയോഗ്യതാ നടപടികൾ തുടരാനുള്ള സാധ്യത കോടതി നിലനിർത്തിയിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Court Orders TVK Disqualification Case Finish
Next Story