തൊപ്പിയിട്ട് ക്ഷേത്രത്തിൽ പ്രവേശിച്ച ടി.വി.കെ എം.എൽ.എക്ക് മദ്രാസ് ഹൈകോടതിയുടെ വിമർശനം
text_fieldsചെന്നൈ: ക്ഷേത്രത്തിൽ തൊപ്പിയിട്ട് പ്രവേശിച്ചതിന് തമിഴക വെട്രി കഴകം എം.എൽ.എക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. മധുര സെൻട്രൽ മണ്ഡലത്തിലെ ടി.വി.കെ എം.എൽ.എ ബദ്റുദ്ദീൻ മുസ്തഫയുടെ ക്ഷേത്രസന്ദർശനത്തെയാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി. മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചത്. തെരഞ്ഞെടുപ്പിനു പിന്നാലെ അദ്ദേഹം മീനാക്ഷി അമ്മൻ ക്ഷേത്രം സന്ദർശിക്കുകയും കുംഭാഭിഷേക ചടങ്ങിനിടെ ക്ഷേത്രഗോപുരങ്ങളിൽ കയറുകയും ചെയ്തിരുന്നു. സനാതന ധർമം ഇല്ലാതാക്കണമെന്ന് പ്രഖ്യാപിച്ചാണ് എം.എൽ.എ മതപരമായ ചടങ്ങിനിടെ ക്ഷേത്രഗോപുരങ്ങളിൽ കയറിയതെന്ന് കോടതി വിമർശിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ക്ഷേത്രഭരണ സംവിധാനങ്ങളിലെ നിയമങ്ങളും ആചാരങ്ങളും പാലിക്കണമെന്നാണ് കോടതിയുടെ നിർദേശം.
രാഷ്ട്രീയ നേട്ടങ്ങൾക്കായി മതവിശ്വാസം പ്രദർശിപ്പിക്കാനാണ് നേതാക്കൾ ഇത്തരത്തിൽ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതെന്നാണ് കോടതിയുടെ വാദം. ഇതരമതവിശ്വാസികളായ ചില രാഷ്ട്രീയ നേതാക്കൾ നെറ്റിയിൽ മതചിഹ്നങ്ങൾ അണിഞ്ഞ് ക്ഷേത്രങ്ങളിൽ എത്തുന്നത് വോട്ടുനേട്ടം ലക്ഷ്യമിട്ടാണെന്നും കോടതി പറഞ്ഞു. ഇത്തരം രാഷ്ട്രീയ പ്രകടനങ്ങൾക്കു മുന്നിൽ ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴങ്ങേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടൊപ്പം രാഷ്ട്രീയ നേതാക്കൾക്ക് ചുറ്റും അനുയായികൾ നടത്തുന്ന വ്യക്തിപൂജയെയും കോടതി വിമർശിച്ചു. ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രദർശനങ്ങൾക്കും വോട്ടുനേട്ടത്തിനുള്ള നീക്കങ്ങൾക്കും സ്ഥാനമുണ്ടാകാമെങ്കിലും ക്ഷേത്രാചാരങ്ങളെ അവയ്ക്കായി മാറ്റിവെക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം ആഗമശാസ്ത്രപ്രകാരമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇതരമതസ്ഥർ ക്ഷേത്രത്തിലെ പ്രതിഷ്ഠയിലുള്ള ആദരവും വിശ്വാസവും വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാമെന്ന് ഉറപ്പുനൽകാത്ത ഇതരമതസ്ഥരെ ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മതചിഹ്നങ്ങൾ ധരിക്കുകയും ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ആദരവ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് പ്രവേശനം അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.
തമിഴ്നാട് ക്ഷേത്രപ്രവേശന അംഗീകാര നിയമവുമായി ബന്ധപ്പെട്ട് കെ. തങ്കം വെങ്കടേഷ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം ക്ഷേത്രങ്ങളിൽ കൊടിമരത്തിന് അപ്പുറത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇതരമതസ്ഥർ അതത് ക്ഷേത്രം നിർദേശിക്കുന്ന മാതൃകയിലുള്ള സത്യവാങ്മൂലം നൽകണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ വിശ്വാസമുണ്ടെന്നും ഹിന്ദുമതത്തിന്റെയും ക്ഷേത്രത്തിന്റെയും ആചാരങ്ങൾ പാലിക്കുമെന്നും ഇതിലൂടെ ഉറപ്പുനൽകണം. അതേസമയം ക്രിസ്ത്യൻ മതവിശ്വാസിയായ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ കാര്യം കോടതി ചൂണ്ടിക്കാട്ടി.

