Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദയനിധി സ്റ്റാലിനെ...

ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

text_fields
bookmark_border
ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
cancel
camera_alt

ഉദയനിധി സ്റ്റാലിൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

ചെന്നൈ: നടി തൃഷക്കെതിരായ വിവാദ പരാമർശത്തിൽ അറസ്റ്റിലായ ഡി.എം.കെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ചോദ്യംചെയ്യലിന് ശേഷം വിട്ടയക്കണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡിയിലെടുത്ത് ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് ഉദയനിധിയെ പൊലീസ് വിട്ടയച്ചത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള​പ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഉദയനിധിയോട് കോടതി നിർദേശിച്ചു.

ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, ഇതിനകം തന്നെ അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യംചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സർക്കാർ തീരുമാനമെന്നും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ കോടതിയെ അറിയിച്ചു. നേരത്തേ, തഞ്ചാവൂർ ഈസ്റ്റ് പൊലീസ് ചെന്നൈയിലെ നീലാങ്കരയിലെ വീട്ടിൽ നിന്ന് ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നു. തമിഴ്നാട് വനിതാ പീഡന നിരോധന നിയമത്തിലെ വകുപ്പ് നാല്, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഉദയനിധി, താൻ ആരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞു. പ്രസംഗത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി തെറ്റായ പ്രചാരണം നടത്തുകയാണെന്നും നിയമപരമായി കേസ് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവേരി പ്രതിഷേധ യോഗത്തിനിടെ നടി തൃഷയുടെ പേര് ചിലർ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഉദയനിധി നടത്തിയ പരാമർശമാണ് വിവാദമായത്. ഇത് നടിയെ ലക്ഷ്യമിട്ടുള്ള ഇരട്ട അർഥമുള്ള പരാമർശമാണെന്ന് ആരോപിച്ച് തമിഴക വെട്രി കഴകത്തിന്റെ വനിതാ വിഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പരാമർശം കാവേരി ജലവിതരണത്തെക്കുറിച്ചായിരുന്നുവെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് ഡി.എം.കെ.യുടെ വിശദീകരണം.

രാവിലെ 11 മണിയോടെ ഉദയനിധിയെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് പൊലീസും ഡി.എം.കെ നേതാക്കളും തമ്മിൽ നീണ്ട ചർച്ചകൾ നടന്നിരുന്നു. തുടർന്നാണ് പൊലീസ് അദ്ദേഹത്തെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയത്. ഈ സമയം ​പൊലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഘർഷസാധ്യത കണക്കിലെടുത്ത് ഉദയനിധിയുടെ വസതിക്ക് സമീപവും പ്രധാന സ്ഥലങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

‘തൃഷ’യുമായി ബന്ധപ്പെട്ട ഉദയനിധിയുടെ പരാമർശം

തഞ്ചാവൂരിൽ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യവേ, മുഖ്യമന്ത്രി വിജയ്‌യെ കടന്നാക്രമിച്ച ഉദയനിധി, തമിഴ്‌നാട്ടിലേക്ക് വെള്ളം എത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ആശങ്കയുമില്ലെന്ന് ആരോപിച്ചു. ഇതിനിടെ, സദസ്സിലുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ വിജയ്‌ക്കൊപ്പം നടി തൃഷയുടെ പേരും ഉറക്കെ വിളിച്ചു പറഞ്ഞു.

സ്റ്റാലിൻ പ്രസംഗം അൽപസമയം നിർത്തി ഈ മുദ്രാവാക്യങ്ങൾക്ക് മറുപടി നൽകി. ഇതോടെ, നടിയെ പരാമർശിച്ച് അനാവശ്യമായ ദ്വയാർഥമുള്ള അശ്ലീലം പറഞ്ഞു എന്ന് ആരോപിച്ചു ടി.വി.കെ, ബി.ജെ.പി നേതാക്കൾ ഉദയനിധിക്കെതിരെ രംഗത്തെത്തുകയായിരുന്നു. പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞതിനും സ്ത്രീകളുടെ അന്തസ്സ് കെടുത്തിയതിനും ഉദയനിധിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഉദയനിധിയുടെ ചെന്നൈയിലെ വസതിക്ക് പുറത്തും മറ്റു പ്രധാന കേന്ദ്രങ്ങളിലും പ്രതിഷേധങ്ങളും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high courtTamil NaduCauvery ProtestUdhayanidhi Stalindmk
News Summary - ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു
Next Story