മകന്‍റെ ജീവൻ രക്ഷിക്കാൻ കടുവയുമായി ഏറ്റുമുട്ടി യുവതി
text_fieldsഭോപാൽ: മകന്‍റെ ജീവൻ രക്ഷിക്കാനായി കടുവയുമായി ഏറ്റുമുട്ടി യുവതി. മധ്യപ്രദേശിലെ ഉമാറിയ ജില്ലയിലെ റൊഹാനിയയിൽ ഞാറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. അർച്ചന ചൗധരി എന്ന 27കാരിയാണ് കടുവയുമായി പോരടിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയും കുഞ്ഞും ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ഗ്രാമാതിർത്തിയിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തോട് ചേർന്ന പ്രദേശത്ത് കുഞ്ഞിനെയുമെടുത്ത് നടക്കാനിറങ്ങിയതായിരുന്നു അർച്ചന. കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരുന്ന കടുവ ഇവരെ ആക്രമിക്കുകയായിരുന്നു. കടുവയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി 20 മിനിറ്റോളമാണ് യുവതി പോരാടിയത്. ശബ്ദം കേട്ട് പ്രദേശവാസികൾ സ്ഥലത്തെത്തിയതോടെ കടുവ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.
കടുവയുടെ ആക്രമണത്തിൽ അർച്ചനക്ക് ഗുരുതരയി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ജബൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഫോറസ്റ്റ് ഗാർഡ് രാം സിങ് മാർക്കോ പറഞ്ഞു. കടുവയെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണെന്നും പ്രദേശവാസികളുടെ സുരക്ഷക്കായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

