ബന്ധുക്കളായ ആണ്‍കുട്ടികളോട് സംസാരിച്ചതിന് യുവതികൾക്ക് ക്രൂരമര്‍ദനം; അമ്മയടക്കം ഏഴുപേര്‍ പിടിയില്‍
text_fieldsഭോപാൽ: ബന്ധുക്കളായ ആൺകുട്ടികളോട് സംസാരിച്ചതിന് അർധസഹോദരിമാരായ രണ്ട് യുവതികളെ ക്രൂരമായി മർദിച്ച ഏഴ് കുടുംബാംഗങ്ങൾ അറസ്റ്റിൽ. ഒരു യുവതിയുടെ അമ്മയും സഹോദരനുമടക്കമാണ് പിടിയിലായത്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പീപാൽവ ഗ്രാമത്തിൽ കഴിഞ്ഞമാസം 22നാണ് മർദനം നടന്നത്. യുവതികളെ നാട്ടുകാരുടെ മുന്നിലിട്ട് അടിക്കുകയും തൊഴിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ഗോത്രവിഭാഗത്തിൽപ്പെട്ട യുവതികളാണ് ക്രൂരമർദനത്തിനിരയായത്. ബന്ധുവിന്‍റെ ആൺമക്കളോട് ഇരുവരും സംസാരിച്ചതായിരുന്നു മർദനത്തിന് കാരണമായത്. കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ഇവരെ വടി കൊണ്ടും കല്ല് കൊണ്ടും അടിക്കുന്നതും ചവിട്ടുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. പ്രതികളിലൊരാൾ വടി ഒടിയുന്നത് വരെ ഒരു യുവതിയെ തല്ലുന്നതും കാണാം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ഇത്. എന്നിട്ടും ആരും ഇടപെട്ടില്ല. ചിലരാകട്ടെ, ഈ ദൃശ്യങ്ങളെല്ലാം മൊബൈൽ ഫോണിൽ പകർത്തുന്നതും കാണാമായിരുന്നു. ഒരു യുവതി ആൾക്കൂട്ടത്തിനിടയിൽ ബോധരഹിതയായി കിടക്കുന്നതും ഒരു വീഡിയോയിലുണ്ട്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 25നാണ് ഈ ദൃശ്യങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ടാണ്ട പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിജയ് വാസ്കലെ പറഞ്ഞു. മർദനമേറ്റവർക്ക് ആദ്യം പരാതി നൽകാൻ ഭയമായിരുന്നു. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

