സെക്യൂരിറ്റി ജീവനക്കാരെ ലക്ഷ്യംവെച്ചൊരു സീരിയൽ കില്ലർ ? ആശങ്കയിൽ ഒരു നഗരം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ സെക്യൂരിറ്റി ജീവനക്കാരനെ അജ്ഞാതൻ കൊലപ്പെടുത്തി. പ്രദേശത്തെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഇതിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 48 മണിക്കൂറിനുള്ളിലാണ് ഇതിൽ രണ്ട് കൊലപാതകങ്ങളും നടന്നത്.
50നും 60നും ഇടക്ക് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പൊലീസ് അറിയിച്ചു. ഉത്തം രാജക്, കല്യാൺ ലോധി, ശംഭുറാം ദുബെ എന്നിവരാണ് കൊല്ലപ്പെട്ടത്. മോത്തി നഗറിൽ ആക്രമിക്കപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ മംഗൾ ആഹിർവാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം ആരംഭിച്ചതായി ഡി.ജി.പി സുധീർ സക്സേന അറിയിച്ചു. പരിക്കേറ്റ ചികിത്സയിലുള്ള സെക്യൂരിറ്റി ജീവനക്കാരന് ബോധം വന്നാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കാന്റ്, സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ ഏരിയകളിലാണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർ കൊല്ലപ്പെട്ടത്. എന്നാൽ ആദ്യത്തെ കൊലപാതകം നടന്നത് മെയിലാണ്. നഗരത്തിൽ പണി നടക്കുന്ന പാലത്തിന് താഴെ ജോലി ചെയ്തിരുന്ന ഉത്തംരാജകാണ് മരിച്ചത്. പിന്നീട് ആശുപത്രി കാന്റീന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
സാഗർ ആർട്സ് ആൻഡ് സയൻസ് കോളജിലെ സുരക്ഷാജീവനക്കാരനായിരുന്ന ദുബെയും സമാനമായ രീതിയിൽ തന്നെയാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലക്കടിയേറ്റായിരുന്നു ഇയാളുടേയും മരണം. ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലോധിയെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ലോധിയുടെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

