മധ്യപ്രദേശിൽ കാലവർഷക്കെടുതിയിൽ 252 മരണം
text_fieldsഭോപാൽ: ഈ മൺസൂൺ സീസണിൽ ഇതുവരെ 252 പേർ മരിച്ചതായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ വഴി ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് 3,628 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ജില്ല കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് കണക്കുകൾ പങ്കുവെച്ചത്.
53 ദുരിതാശ്വാസ കാമ്പുകളിലായി 3,065 പേർ നിലവിൽ കഴിയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ദുരിതബാധിതർക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ, വസ്ത്രം തുടങ്ങിയ അവശ്യ സേവനങ്ങൾ കാമ്പുകൾ നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 432 മൃഗങ്ങൾക്കും 1,200 കോഴികൾക്കും ജീവൻ നഷ്ടപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് 3,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 28.49 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്തു കഴിഞ്ഞു. ഭോപ്പാൽ, ഗ്വാളിയോർ, ജബൽപൂർ, ധാർ എന്നിവിടങ്ങളിൽ എൻ.ഡി.ആർ.എഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തുടനീളമുള്ള ദുർബല പ്രദേശങ്ങളിൽ എസ്.ഡി.ആർ.എഫ് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം 252 മരണങ്ങളിൽ 47 എണ്ണം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളും 132 പേർ നദികളിലോ അരുവികളിലോ മുങ്ങിമരിച്ചതുമാണ്. 60 പേർ ഇടിമിന്നലേറ്റും 13 പേർ വീടുകൾ, മതിലുകൾ, മരങ്ങൾ എന്നിവ തകർന്നുമാണ് മരിച്ചത്. മഴയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകെ 128 വീടുകൾ പൂർണമായും 2,333 എണ്ണം ഭാഗികമായും തകർന്നു. മഴയെത്തുടർന്ന് ഏകദേശം 254 ഗ്രാമീണ റോഡുകളും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

