ആസ്ട്രേലിയൻ താരങ്ങൾ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ വിവാദപരാമർശവുമായി മന്ത്രി കൈലാഷ് വിജയവർഗീയ
text_fieldsഇന്ദോർ: ആസ്ട്രേലിയ ക്രിക്കറ്റ് താരങ്ങൾക്കെതിരെ നടന്ന അതിക്രമത്തിൽ വിവാദപരാമർശവുമായി മധ്യപ്രദേശ് കാബിനറ്റ് മന്ത്രി കൈലാഷ് വിജയവർഗീയ. സംഭവത്തിൽ നിന്നും കളിക്കാർ ഒരു പാഠം പഠിക്കണമെന്ന് വിജയവർഗീയ പറഞ്ഞു. കളിക്കാർ പുറത്തേക്ക് പോകുമ്പോൾ സംഘാടകരെ വിവരമറിയിക്കണം. പ്രാദേശികമായി പരിചയമുള്ള ഒരാളെ കൂട്ടി മാത്രമേ പുറത്തേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ ഫുട്ബാളിനുള്ള ആരാധകരാണ് ഇന്ത്യയിൽ ക്രിക്കറ്റിനുള്ളത്.
ഇംഗ്ലണ്ടിൽ ഫുട്ബാൾ താരങ്ങളുടെ വസ്ത്രങ്ങൾ ആരാധകർ വലിച്ചുകീറുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ഒരു ഹോട്ടലിൽ കാപ്പികുടിക്കാൻ പോയപ്പോൾ ഇംഗ്ലീഷ് പുരുഷ ഫുട്ബാൾ താരത്തെ ഒരുപറ്റം ആരാധകർ വളഞ്ഞു. ഒരു പെൺകുട്ടി ഇയാളെ ചുംബിച്ചു. മറ്റൊരു ആരാധകന്റെ ഇയാളുട ഷർട്ടുവലിച്ചു കീറി. കളിക്കാർക്ക് പലപ്പോഴും അവരുടെ വലിപ്പം മനസിലാവണമെന്നില്ല. പുറത്തേ് പോകുമ്പോൾ എപ്പോഴും ഒരു ലോക്കൽ പേഴ്സണെ കൂടെ കൂട്ടണമെന്ന പാഠം ഇനിയെങ്കിലും താരങ്ങൾ പഠിക്കണമെന്നും വിജയ വർഗീയ പറഞ്ഞു.
ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഇൻഡോറിലെ ഒരു കഫെയിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം. ഓസീസ് ടീമിന്‍റെ സുരക്ഷ മാനേജർ സൈമൺ ഡാനിസിന്റെ പരാതിയിൽ പ്രതി അഖീൽ ഖാനെ എം.ഐ.ജി പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ഓസീസ് താരങ്ങൾ ഇൻഡോറിലെത്തിയത്. രണ്ടു താരങ്ങൾ കഫെയിൽപോയി താമസിക്കുന്ന റാഡിസൺ ബ്ലൂ ഹോട്ടലിലേക്ക് മടങ്ങിവരുന്നതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ അഖീൽ അപമര്യാദയായി പെരുമാറിയത്. ഉടൻ തന്നെ സുരക്ഷ മാനേജറെ അറിയിക്കുകയും തുടർന്ന് എം.ഐ.ജി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
അസി. പൊലീസ് കമീഷണർ ഹിമാനി മിശ്ര ഓസീസ് താരങ്ങളെ കണ്ട് മൊഴിയെടുത്തു. പ്രതിയെ പിടികൂടാനായി അഞ്ചംഗ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. 74, 78 വകുപ്പുകൾ പ്രകാരം സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കുക, സ്ത്രീയെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്കിന്‍റെ നമ്പർ തിരിച്ചറിഞ്ഞതും പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചു. സുരക്ഷ വീഴ്ചയുണ്ടായതിൽ ഇൻഡോർ പൊലീസ് കമീഷണർ സന്തോഷ് സിങ് അതൃപ്തി രേഖപ്പെടുത്തി. പിന്നാലെ ഹോട്ടലിനു സമീപം കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

