ബിഹാറിലെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം: ബന്ധുവിനെ തല്ലിക്കൊന്നു
text_fieldsപ്രതീകാത്മക ചിത്രം
ഭോപ്പാൽ: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനന്തരവനെ അമ്മാവന്മാർ തല്ലിക്കൊന്നു. ബിഹാറിലെ ശിവഹർ ജില്ലയിലെ തൊഴിലാളിയായ ശങ്കർ മാഞ്ചി(22) ആണ് കൊല്ലപ്പെട്ടത്. ശങ്കർ മാഞ്ചിയുടെ അമ്മയുടെ സഹോദരന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവരാണ് പ്രതികൾ.
കൊല്ലപ്പെട്ട ശങ്കർ പ്രതികൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പുതിയ പൊലീസ് ലൈൻ ക്വാർട്ടേഴ്‌സ് നിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യാൻ മൂന്ന് ദിവസം മുമ്പാണ് മൂന്ന് പേരും ഗുണയിൽ എത്തിയത്. പ്രാഥമികാന്വേഷണത്തിൽ ശങ്കർ ആർ.ജെ.ഡി അനുഭാവിയാണെന്നും മാതൃസഹോദരന്മാർ ജെ.ഡി.യു അനുഭവികളാണെന്നും പൊലീസ് അറിയിച്ചു. തർക്കം നടക്കുന്ന സമയത്ത് മൂവരും മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച ശേഷം രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ബിഹാർ തെരഞ്ഞെടുപ്പിലെ ഫലത്തെ ചൊല്ലി ഇവർക്കിടയിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
തർക്കം മൂത്തതോടെ രാജേഷും തൂഫാനിയും ചേർന്ന് ശങ്കറിനെ തൊട്ടടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ച് കൊണ്ടു പോയി മുഖം ചെളിയിൽ മുക്കി ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സംഭവ സ്ഥലത്തെത്തി ശങ്കറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് രാജേഷിനെയും തൂഫാനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

