3,419 കോടി രൂപയുടെ വൈദ്യുതി ബില്ല് കണ്ട് 'ഷോക്കടിച്ച' ഉടമ ആശുപത്രിയിൽ
text_fieldsഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോർ നിവാസിയായ പ്രിയങ്ക ഗുപ്തക്ക് 3,419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചപ്പോൾ കണ്ണ് തള്ളിപ്പോയി. നഗരത്തിലെ ശിവ് വിഹാർ കോളനിയിൽ താമസിക്കുന്ന ഗുപ്ത കുടുംബത്തിന് മധ്യപ്രദേശ് സർക്കാർ നടത്തുന്ന പവർ കമ്പനിയാണ് ബിൽ കൈമാറിയത്. പ്രശ്നം വിവാദമായപ്പോൾ 'മാനുഷിക പിഴവ്' ആണെന്നും തിരുത്തിയ ബിൽ 1,300 രൂപയുടെ മാത്രമാണെന്നും അറിയിച്ചു.
ജൂലൈ മാസത്തെ ഗാർഹിക ഉപഭോഗത്തിന്റെ വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് പിതാവിന് അസുഖം വന്നതായി ഗുപ്തയുടെ ഭർത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു.
ജൂലൈ 20നാണ് ബിൽ ലഭിച്ചത്. മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിതരൻ കമ്പനിയുടെ (എം.പി.എം.കെ.വി.വി.സി) പോർട്ടൽ വഴി വീണ്ടും പരിശോധിച്ചെങ്കിലും ശരിയാണെന്ന് കണ്ടെത്തിയതായി സഞജീവ് പറയുന്നു. ബിൽ പിന്നീട് സ്റ്റേറ്റ് പവർ കമ്പനി ശരിയാക്കി നൽകുകയായിരുന്നു. എം.പി.എം.കെ.വി.വി.സി ജനറൽ മാനേജർ നിതിൻ മംഗ്‌ലിക്, വൻതോതിലുള്ള വൈദ്യുതി ബില്ലിന് കാരണമായത് മനുഷ്യ പിഴവാണെന്നും ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
"സോഫ്റ്റ്‌വെയറിൽ ഉപഭോഗം ചെയ്ത യൂനിറ്റുകളുടെ സ്ഥാനത്ത് ഒരു ജീവനക്കാരൻ ഉപഭോക്തൃ നമ്പർ നൽകി, തൽഫലമായി ഉയർന്ന തുക ബില്ലായി. 1,300 രൂപയുടെ തിരുത്തിയ ബിൽ വൈദ്യുതി ഉപഭോക്താവിന് നൽകിയിട്ടുണ്ട്" -അദ്ദേഹം പറഞ്ഞു.