പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsമധ്യപ്രദേശ്: പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ മർദിച്ചു. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. പശുവിന്‍റെ അടുത്ത് നിന്ന് മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീൻ പട്‌ലിവാല എന്നയാളെയാണ് സമീപ വാസിയായ വീരേന്ദ്ര റാത്തോഡ് മർദിച്ചത്. സെയ്ഫുദ്ദീനെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സെയ്ഫുദ്ദീന്‍റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത റാത്തോഡിനോട് സെയ്ഫുദ്ദീൻ മാപ്പ് പറയുന്നത് വിഡിയോയിൽ കാണാം. മാപ്പുപറഞ്ഞിട്ടും സെയ്ഫുദ്ദീനെ ചീത്ത വിളിക്കുകയും അടിക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങളിൽ. വിഡിയോ പരിശോധിച്ച ശേഷം അന്വേഷണത്തിന് ചെന്നുവെന്നും തുടർന്ന് കുറ്റക്കാരനെന്ന് മനസിലാക്കിയ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു.