
ലിഫ്റ്റ് തകർന്നുവീണു; മധ്യപ്രദേശിൽ കമൽനാഥും മറ്റു കോൺഗ്രസ് നേതാക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഇന്ദോർ: സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റിൽ കയറിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മറ്റു കോൺഗ്രസ് നേതാക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗ്രൗണ്ട് നിലയിൽനിന്ന് മുകളിലേക്ക് പോകാനായി നേതാക്കൾ കൂട്ടമായി ലിഫ്റ്റിൽ കയറിയതോടെ പിടിവിട്ട് അത് താഴോട്ട് പതിക്കുകയായിരുന്നു. ആൾ കൂടുതലായതിനാലാകാം, അപകടമെന്നാണ് കരുതുന്നത്. എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
'ഹനുമാൻ ദൈവം കാത്തുവെന്ന്' പിന്നീട് കമൽനാഥ് ട്വിറ്ററിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ദോറിലുണ്ടായിരുന്ന കമൽനാഥ് ചികിത്സയിലായിരുന്ന മുൻ മന്ത്രി രാമേശ്വർ പട്ടേലിനെ കാണാനാണ് മറ്റു നേതാക്കൾക്കൊപ്പം വൈകുന്നേരം 6.15ഓടെ ഡി.എൻ.എസ് ആശുപത്രിയിലെത്തിയത്. നേതാക്കളായി ജിത്തു പട്വാരി, സജ്ജൻ സിങ് വർമ, വിശാൽ പട്ടേൽ തുടങ്ങിയവരുമുണ്ടായിരുന്നു. താഴത്തെ നിലയിൽനിന്ന് മൂന്നാം നിലയിലേക്ക് പോകാനായാണ് ലിഫ്റ്റിൽ കയറിയത്.
പക്ഷേ, ആൾ കൂടിയതോടെ മുകളിലേക്ക് പുറപ്പെടേണ്ട എലവേറ്റർ കുത്തനെ താഴോട്ടുപതിച്ചു. 10 അടി താഴെ ബേസ്മെൻറിൽ ചെന്നാണ് അത് നിന്നത്.
അടുത്തിടെ നിർമിച്ച ആശുപത്രിയുടെ എലവേറ്റർ തകർന്നത് ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ട നേതാക്കൾ പിന്നീട് മുൻ മന്ത്രിയെ നടന്നുകയറി കണ്ടാണ് മടങ്ങിയത്.
ലിഫ്റ്റ് തകർന്നില്ലെന്നും അധിക ഭാരത്താൽ അൽപം താഴോട്ടുപോകുക മാത്രമാണ് ചെയ്തതെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
