ബലാത്സംഗക്കേസുകളിൽ അതിജീവിതമാർക്ക് 24 ആഴ്ച വരെ ഗർഭഛിദ്രത്തിന് അനുമതി വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി
text_fieldsഭോപ്പാൽ: ബലാത്സംഗത്തിനിരയായ അതിജീവിതമാർക്ക് 24 ആഴ്ച വരെ വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 18 ആഴ്ച ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് അനുമതി തേടി പിതാവ് സമർപ്പിച്ച റിട്ട് ഹർജിയിലാണി ഇൻഡോർ ബെഞ്ചിന്‍റെ നിരീക്ഷണം.
ഭാവിയിൽ ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഈ ഉത്തരവ് ബന്ധപ്പെട്ട എല്ലാ ആശുപത്രികളെയും, പ്രത്യേകിച്ച് സർക്കാർ ആശുപത്രികളെയും അറിയിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി. ഗർഭം നിയമപരമായി അലസിപ്പിക്കുന്നതിന് അനുമതി തേടിയാണ് പെൺകുട്ടി പിതാവ് മുഖേന ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ ആശിഷ് ചൗബേ പി.ടി.ഐയോട് പറഞ്ഞു. പീഡനത്തെത്തുടർന്നുണ്ടായ ഗർഭധാരണം പെൺകുട്ടിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതിനാൽ ഇത് തുടരാൻ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു.
ലൈംഗിക അതിക്രമത്തിനോ പീഡനത്തിനോ ഇരയായവരുടെ 20 ആഴ്ച വരെയുള്ള ഗർഭം രജിസ്റ്റർ ചെയ്ത ഒരു മെഡിക്കൽ പ്രാക്ടീഷണർക്ക് അലസിപ്പിക്കാമെന്ന് 2025ലെ വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭധാരണം 20 ആഴ്ചയിൽ കൂടുതലും 24 ആഴ്ചയിൽ താഴെയുമാണെങ്കിൽ, 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3 പ്രകാരവും അനുബന്ധ ചട്ടങ്ങൾ പ്രകാരവും ഭരണഘടനയുടെ അനുച്ഛേദം 226 അനുസരിച്ച് ഹൈക്കോടതിയിൽ നിയമനടപടികൾ സ്വീകരിക്കാതെ തന്നെ രണ്ട് രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ഗർഭഛിദ്രം നടത്താവുന്നതാണ്.
കുട്ടികൾക്ക് അടിയന്തര വൈദ്യസഹായം നൽകുന്ന മെഡിക്കൽ പ്രാക്ടീഷണർമാരോ ആശുപത്രികളോ മറ്റ് മെഡിക്കൽ സെന്‍ററുകളോ ചികിത്സ നൽകുന്നതിന് മുൻപായി നിയമപരമോ മജിസ്‌ട്രേറ്റ് തലത്തിലോ ഉള്ള അനുമതി പത്രങ്ങളോ മറ്റ് രേഖകളോ ആവശ്യപ്പെടരുതെന്ന് 2020ലെ പോക്സോ ചട്ടങ്ങളിലെ റൂൾ 6 (3) വ്യക്തമാക്കുന്നുണ്ടെന്ന കാര്യവും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

