കുംഭമേളക്ക് സൗകര്യമൊരുക്കാൻ മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാം; അനുമതി നൽകി മധ്യപ്രദേശ് ഹൈകോടതി
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രസിദ്ധമായ ഷാഹി മസ്ജിദ് കോംപ്ലക്സിലെ അനധികൃത പ്രാർത്ഥനാ ഹാൾ പൊളിച്ചുനീക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ ശരിവെച്ച് മധ്യപ്രദേശ് ഹൈകോടതി. 2028-ൽ നടക്കാനിരിക്കുന്ന ചരിത്രപ്രസിദ്ധമായ സിംഹസ്ഥ കുംഭമേളയുടെയും ഉജ്ജയിൻ മഹാകാൽ ക്ഷേത്ര ഇടനാഴിയുടെയും വികസനത്തിനായി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളിയുടെ പ്രധാന ഘടന തകർക്കാതെ അനധികൃത നിർമാണം മാത്രമാണ് നീക്കം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയുടെ ഇൻഡോർ ബെഞ്ച് പള്ളി കമ്മിറ്റിയുടെ ഹരജി തള്ളി.
മഹാകാൽ ക്ഷേത്രത്തിന് സമീപത്തുള്ള പ്രദേശത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന കുംഭമേളയുടെ മുന്നോടിയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും റോഡുകൾ വീതികൂട്ടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. നിർമാണം നടന്ന പ്രദേശം പൊതുസ്ഥലമാണെന്നും നിയമാനുസൃതമായ അനുമതികളില്ലാതെയാണ് ഹാൾ പണിതുയർത്തിയതെന്നും മുനിസിപ്പൽ കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, പൊതുതാൽപ്പര്യത്തിനും തീർത്ഥാടകരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടതുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു.
എന്നാൽ, ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ചരിത്രസ്മാരകമായ പള്ളിയുടെ ഭാഗങ്ങൾ തകർക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് പള്ളി കമ്മിറ്റി ശക്തമായ എതിർപ്പാണ് കോടതിയിൽ ഉന്നയിച്ചത്. പള്ളി നിൽക്കുന്ന സ്ഥലം വഖഫ് ഭൂമിയാണെന്നും ബദൽ റൂട്ടുകൾ പരിഗണിക്കാതെയാണ് ന്യൂനപക്ഷ ആരാധനാലയത്തിന് നേരെ തിടുക്കപ്പെട്ട് നടപടിയെടുക്കുന്നതെന്നും പ്രദേശത്തെ സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടി. ഹൈകോടതി ഉത്തരവ് വന്നതോടെ വരും ദിവസങ്ങളിൽ നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉജ്ജയിനിൽ പോലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

