Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യം കരൾ പരിശോധന, എന്നിട്ട് കുപ്പി വാങ്ങാം; മദ്യം വാങ്ങാനെത്തുന്നവർക്ക് ആരോഗ്യ പരിശോധന നടത്തി മധ്യപ്രദേശ് സർക്കാർ

text_fields
bookmark_border
ആദ്യം കരൾ പരിശോധന, എന്നിട്ട് കുപ്പി വാങ്ങാം; മദ്യം വാങ്ങാനെത്തുന്നവർക്ക് ആരോഗ്യ പരിശോധന നടത്തി മധ്യപ്രദേശ് സർക്കാർ
cancel

ഭോപ്പാൽ: വ്യാജമദ്യ ദുരന്തത്തെയും തുടർന്നുണ്ടായ മരണങ്ങളുടെയും പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ മദ്യശാലകൾക്ക് മുന്നിൽ മെഡിക്കൽ സംഘങ്ങളെ വിന്യസിച്ച് ഭരണകൂടം. മദ്യം വാങ്ങാനെത്തുന്നവരെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കാനും രക്തസാമ്പിളുകൾ ശേഖരിക്കാനും മദ്യപാനം കുറക്കാൻ ഉപദേശം നൽകാനുമാണ് തീരുമാനം.

സെപ്റ്റംബറിൽ വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ച സാഗർ ജില്ലയിലാണ് ഭരണകൂടം നടപടികൾ കൂടുതൽ കടുപ്പിച്ചത്. കടകൾ തുറക്കുന്നതിന് മുമ്പേ എത്തുന്നവർ ഉൾപ്പെടെ സ്ഥിരം മദ്യപാനികളുടെ പട്ടിക തയ്യാറാക്കാൻ മദ്യശാലാ നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത മദ്യപാനികൾക്ക് നേരത്തേ തന്നെ ആരോഗ്യ പരിശോധന ഉറപ്പാക്കുകയാണ് ലക്ഷ്യം.

ദീർഘകാലത്തെ അമിത മദ്യപാനവും പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും കാരണം ആരോഗ്യഭീഷണി നേരിടുന്നവരെ കണ്ടെത്തുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് സാഗർ കളക്ടർ ദിലീപ് കുമാർ യാദവ് പറഞ്ഞു. രാവിലെ എട്ട് മണിക്കാണ് മദ്യശാലകൾ തുറക്കുന്നതെങ്കിലും അതിനും മുമ്പേ എത്തി കാത്തിരിക്കുന്നവരുണ്ടെന്നും, ഇവരെ കടയുടമകൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരക്കാരുടെ പട്ടിക ശേഖരിച്ചാണ് പരിശോധനകൾ സംഘടിപ്പിക്കുന്നത്. മദ്യശാലകൾക്ക് പുറത്ത് മെഡിക്കൽ സംഘങ്ങളെത്തി പരിശോധന നടത്തുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ആവശ്യമുള്ളവർക്ക് മരുന്നുകൾ നൽകുകയും ചെയ്യുന്നു. കുടുംബാംഗങ്ങളിലും ബോധവൽക്കരണം നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ഞായറാഴ്ച ആരംഭിച്ച പരിശോധനയിൽ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 147 പേരെ പരിശോധിച്ചു. ഇതിൽ 144 പേരുടെ കരൾ, വൃക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ചു. ആദ്യ ദിവസം ബന്ദ, സാഗർ എന്നിവിടങ്ങളിൽ ഏകദേശം 50 പേരെയും തിങ്കളാഴ്ച സാഗർ, ദിയോരി, റഹ്‌ലി, ഖുറായി, ബീന എന്നിവിടങ്ങളിലായി 97 പേരെയും പരിശോധിച്ചു.

ആരോഗ്യനില മോശമായി കാണപ്പെടുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നിർദ്ദേശിക്കുന്നുണ്ട്. പരിശോധനാ ഫലങ്ങൾ വരുമ്പോൾ ബന്ധപ്പെടുന്നതിനായി പരിശോധനക്ക് വിധേയരായവരുടെ മൊബൈൽ നമ്പറുകളും ശേഖരിക്കുന്നുണ്ട്.

കരൾ പ്രവർത്തനത്തിന് തകരാർ സംഭവിച്ചവർ ഉൾപ്പെടെ നിരവധി പേരെ പരിശോധനയിലൂടെ കണ്ടെത്താനായതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. ദേവേഷ് പടേരിയ പറഞ്ഞു. രോഗം മൂർച്ഛിക്കുന്നതിന് മുൻപേ ചികിത്സ നൽകാൻ ഇത് സഹായിക്കും.

വിറ്റാമിൻ ബി1 കുറവും മറ്റ് പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനായി മൾട്ടിവിറ്റാമിൻ സപ്ലിമെന്റുകളും മരുന്നുകളും നൽകുന്നുണ്ട്. എക്സൈസ് വകുപ്പ് നേരത്തെ നൽകിയ കണക്കുകളേക്കാൾ കൂടുതലാണ് ഇപ്പോൾ കണ്ടെത്തിയ സ്ഥിരം മദ്യപാനികളുടെ എണ്ണം. ഭാവിയിലെ ഇടപെടലുകൾക്കായി ആദ്യമായി ഒരു ഏകീകൃത വിവരശേഖരം തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യശാലാ നടത്തിപ്പുകാർ നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പുറമെ, പ്രാഥമിക-സമുദായ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ഗ്രാമങ്ങളിൽ നേരിട്ടെത്തിയും മറ്റ് സ്ഥിരം മദ്യപാനികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും തുടരുകയാണെന്ന് കളക്ടർ അറിയിച്ചു. പരിശോധന കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhya Pradesh government conducting liver test
Next Story